ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി പൂര്‍ത്തിയാക്കി ബംഗ്ലാദേശ് നായകന്‍; ഷാന്റോയ്ക്ക് റെക്കോര്‍ഡ്

Published : Jun 21, 2025, 03:24 PM ISTUpdated : Jun 21, 2025, 03:29 PM IST
Najmul Hossain Shanto

Synopsis

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ചരിത്രം കുറിച്ചു.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി പൂര്‍ത്തിയാക്കി ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. രണ്ടാം ഇന്നിംഗ്‌സില്‍ 125 റണ്‍സുമായി പുറത്താവാതെ നിന്ന താരം ആദ്യ ഇന്നിംഗ്‌സില്‍ 148 റണ്‍സ് നേടിയിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനാണ് ഷാന്റോ. മാത്രമല്ല, രണ്ടാം തവണയാണ് ഷാന്‍റോ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്നത്. 2023ല്‍ അഫ്ഗാനിസ്ഥാനെതിരേയും ഷാന്‍റോ ഇത്തരത്തില്‍ സെഞ്ചുറികള്‍ നേടിയിരുന്നു. നായകന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 285 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. അവസാന ദിവസം മുപ്പതോളം ഓവറുകള്‍ ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 295 റണ്‍സ് വേണം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 495നെതിരെ ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 485ന് എല്ലാവരും പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഷാന്റോയ്ക്ക് പുറമെ ഷദ്മാന്‍ ഇസ്ലാം 76 റണ്‍സെടുത്തു. മുഷ്ഫിഖുര്‍ റഹീം 49 റണ്‍സ് നേടി. അനാമുല്‍ ഹഖ് (4), മൊമിനുല്‍ ഹഖ് (14), ലിറ്റണ്‍ ദാസ് (3), ജേക്കര്‍ അലി (2) എന്നിവരാണ് പുറത്തായ മറ്റ് ബംഗ്ലാദേശ് താരങ്ങള്‍. നയീം ഹസ്സന്‍ (7) ഷാന്റോയക്കൊപ്പം പുറത്താവാതെ നിന്നു. ഷാന്റോയുടെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെടുത്തിട്ടുണ്ട്.

 

 

നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 10 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ഓപ്പണര്‍ പതും നിസ്സങ്കയുടെ (187) സെഞ്ചുറിയാണ് ലങ്കയെ 485ലെത്തിച്ചത്. കാമിന്ദു മെന്‍ഡിസ് (87), ദിനേശ് ചാണ്ഡിമല്‍ (34) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ടെസ്റ്റ് കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് 39 റണ്‍സെടുത്ത് മടങ്ങി. നയീം ഹസ്സന്‍ ബംഗ്ലാദേശിന് വേണ്ടി അഞ്ചും ഹസന്‍ മഹ്മൂദ് മൂന്നും വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശിന് വേണ്ടി ഒന്നാം ഇന്നിംഗ്‌സില്‍ ഷാന്റോയ്ക്ക് പുറമെ വെറ്ററന്‍ താരം മുഷ്ഫിഖുര്‍ സെഞ്ചുറി നേടിയിരുന്നു. 163 റണ്‍സാണ് മുഷ്ഫിഖുര്‍ അടിച്ചെടുത്തത്. 90 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് നിര്‍ണായക സംഭാവന നല്‍കി.

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല