
ചണ്ഡീഗഡ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് അടിച്ചു തകര്‍ക്കുമ്പോള്‍ കളി തിരിച്ചത് ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കറായിരുന്നു. ബുമ്ര പതിനാലാം ഓവര്‍ എറിയാനെത്തുമ്പോള്‍ 148-3 എന്ന ശക്തമായ നിലയിലായിരുന്നു ഗുജറാത്ത്. സായ് സുദര്‍ശനും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 84 റണ്‍സടിച്ച് ഗുജറാത്തിനെ വിജയത്തിലേക്ക് നയിക്കുമ്പോഴാണ് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്‍റെ വജ്രായുധം പുറത്തെടുത്തത്.
പതിനാലാം ഓവര്‍ എറിയാനെത്തിയ ബുമ്ര ആദ്യ മൂന്ന് പന്തില്‍ മൂന്ന് സിംഗിളുകള്‍ വഴങ്ങി. പിന്നീടായിരുന്നു കളിയുടെ ഗതി തിരിച്ച് വാഷിംഗ്ടണ്‍ സുന്ദറെ നിസഹായാനാക്കിയ യോര്‍ക്കര്‍. ബുമ്രയുടെ യോര്‍ക്കറില്‍ അടിതെറ്റിയ സുന്ദറിന്‍റെ ലെഗ് സ്റ്റംപ് പറന്നപ്പോള്‍ മുംബൈ മത്സരത്തില്‍ തിരിച്ചെത്തി. അതുവരെ ആശങ്കയിലായിരുന്ന മുംബൈ ആരാധകര്‍ വീണ്ടും വിജയം സ്വപ്നം കാണാന്‍ തുടങ്ങി. സായ് സുദര്‍ശനും സുന്ദറും ചേര്‍ന്ന് എല്ലാ ഓവറിലും ഒന്നോ രണ്ടോ ബൗണ്ടറികള്‍ നേടി 10-15 റണ്‍സ് വീതം നേടി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോഴായിരുന്നു കളി തിരിച്ച ബുമ്രയുടെ യോര്‍ക്കര്‍ പിറന്നത്.
ബൗള്‍ ചെയ്യാന്‍ വരുന്നതിന് തൊട്ടു മുമ്പ് ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ബുമ്രക്ക് അരികിലേക്ക് മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനെ ബുമ്രയോട് സംസാരിച്ചിരുന്നു. ജയവര്‍ധനെ പറയുന്നതെല്ലാം തലകുലുക്കി കേട്ട ബുമ്ര എല്ലാം ഞാനേറ്റു എന്ന അര്‍ത്ഥത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ഇതിനുശേഷമായിരുന്നു നിര്‍ണായ പതിനാലാം ഓവര്‍ എറിയാനെത്തിയത്. ഈ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോടും സാസാരിച്ചശേഷം പതിനാലാം ഓവര്‍ എറിയാനായി പന്തെടുത്ത ബുമ്ര സുന്ദറിനെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് ബുമ്ര പതിനേഴാം ഓവര്‍ എറിയാനെത്തുമ്പോള്‍ ഗുജറാത്തിന് ജയത്തിലേക്ക് അവസാന നാലോവറില്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയ ബുമ്രയെ മൂന്നാം പന്തില്‍ രാഹുല്‍ തെവാട്ടിയ സിക്സിന് പറത്തിയയെങ്കിലും ആ ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി കളി മുംബൈയുടെ കൈയില്‍ പിടിച്ചു നിര്‍ത്താനും ബുമ്രക്കായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക