ചിരിപ്പിച്ച് കൊല്ലും, ഇങ്ങനെയൊന്നും പുറത്താവരുത്! ആഡം സാംപയുടെ ഫുള്‍ടോസില്‍ മടങ്ങി വില്യംസണ്‍- വൈറല്‍ വീഡിയോ

By Web TeamFirst Published Sep 8, 2022, 5:36 PM IST
Highlights

ഇതില്‍ കിവീസ് ഓപ്പണര്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് നഷ്ടമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ക്രിക്കറ്റ് താരവും പുറത്താവാന്‍ ആഗ്രഹിക്കാത്ത പന്തിലാണ് വില്യംസണ്‍ മടങ്ങുന്നത്.

ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിലും ന്യൂസിലന്‍ഡിന് തോല്‍വിയായിരുന്നു ഫലം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ 195ല്‍ ഒതുക്കാന്‍ സന്ദര്‍ശകര്‍ക്കായിരുന്നു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 33 ഓവറില്‍ 82ന് എല്ലാവരും പുറത്താവുകയായിരുന്നു. ആഡം സാംപ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഇതില്‍ കിവീസ് ഓപ്പണര്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് നഷ്ടമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ക്രിക്കറ്റ് താരവും പുറത്താവാന്‍ ആഗ്രഹിക്കാത്ത പന്തിലാണ് വില്യംസണ്‍ മടങ്ങുന്നത്. സ്പിന്നര്‍ ആഡം സാംപയെറിഞ്ഞ 19-ാം ഓവറിലാണ് സംഭവം. സാംപയുടെ ഫുള്‍ടോസായിരുന്നു. വില്യംസണ് മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ നേടാന്‍ പാകമായ പന്ത്. 

താരം ശ്രമിച്ചതും അതിന് തന്നെ. എന്നാല്‍ പന്തില്‍ ബാറ്റില്‍ കൊള്ളിക്കാന്‍ പോലും വില്യംസണിനായില്ല. താഴ്ന്നിറങ്ങിയ പന്ത് താരത്തിന്റെ കാല്‍മുട്ടില്‍ കൊണ്ടു. ഒരു ആശയക്കുഴപ്പത്തിനും ഇട നില്‍കാതെ അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. വില്യംസണ്‍ റിവ്യൂ ചെയ്‌തെങ്കിലും തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. ബാറ്റ് വായുവില്‍ കറക്കി നിരാശ പ്രകടമാക്കി വില്യംസണ്‍ പവലിയനിലേക്ക്. വീഡിയോ കാണാം..

Maybe the strangest way you'll ever see one of the world's best dismissed 🤨 pic.twitter.com/8Aww5q8xC4

— cricket.com.au (@cricketcomau)

ദയനീയ പ്രകടനമായിരുന്നു ന്യൂസിലന്‍ഡ് ബാറ്റര്‍മാരുടേത്. 17 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ (16), ഡാരില്‍ മിച്ചല്‍ (10), മൈക്കല്‍ ബ്രേസ്‌വെല്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), ഡെവോണ്‍ കോണ്‍വെ (5), ടോം ലാഥം (0), ജെയിംസ് നീഷം (2), ടിം സൗത്തി (2), മാറ്റ് ഹെന്റി (5), ട്രെന്റ് ബോള്‍ട്ട് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒമ്പത് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് സാംപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസ് ഒരു വിക്കറ്റ് വീഴ്ത്തി.

This Kane Williamson dismissal 😲pic.twitter.com/v4BhmNt294

— Sport360° (@Sport360)

നേരത്തെ, ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 61 റണ്‍സാണ് താരം നേടിയത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 54 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് ഗ്ലെന്‍ മാക്്സ്‌വെല്‍ (25), മിച്ചല്‍ സ്റ്റാര്‍ക്ക് (38), ആഡം സാംപ (16), ജോഷ് ഹേസല്‍വുഡ് (23) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്.

'ബാറ്റ് വീശിയത് വിവരക്കേടിന്‍റെ അങ്ങേയറ്റം'; ആസിഫ് അലിയെ വിലക്കണമെന്ന ആവശ്യവുമായി അഫ്‌ഗാന്‍ മുന്‍ നായകന്‍
 

click me!