അഫ്‌ഗാനിസ്ഥാന്‍റെ 129 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍റെ റണ്‍ ചേസിംഗില്‍ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം 

ഷാര്‍ജ: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം അക്ഷരാര്‍ഥത്തില്‍ ബാറ്റ് കൊണ്ടുള്ള ഏറ്റുമുട്ടലായി. അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിനെതിരെ ബാറ്റ് കൊണ്ട് പാഞ്ഞടുത്ത പാക് താരം ആസിഫ് അലിയാണ് മൈതാനം യുദ്ധക്കളമാക്കിയത്. സംഭവത്തില്‍ ആസിഫ് അലിയെ വിലക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ മുന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. 

അഫ്‌ഗാനിസ്ഥാന്‍റെ 129 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍റെ റണ്‍ ചേസിംഗില്‍ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം. അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദ് മാലിക്കിന്‍റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫിനെ ഷോര്‍ട് ഫൈന്‍‌ലെഗ് ഫീല്‍ഡറുടെ കൈകളിലെത്തിച്ചു ഫരീദ്. അഫ്‌ഗാന്‍ താരങ്ങള്‍ വിക്കറ്റാഘോഷം തുടങ്ങിയതിന് പിന്നാലെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബൗളറുടെ ആവേശം ഇഷ്ടപ്പെടാതെ പോയ ആസിഫ് അലി ചൂടായി. ഫരീദും വിട്ടുകൊടുത്തില്ല. പാഞ്ഞെടുത്ത ആസിഫ് അലി ബാറ്റുയര്‍ത്തിയതോടെ രംഗം വഷളാവുകയായിരുന്നു. അംപയര്‍മാരും സഹതാരങ്ങളും വേണ്ടിവന്നു സമാധാനം പുനസ്ഥാപിക്കാന്‍. ഈ സംഭവത്തിന് പിന്നാലെയാണ് തന്‍റെ നിലപാട് അഫ്‌ഗാന്‍ മുന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് വ്യക്തമാക്കിയത്. 

'ആസിഫ് അലിയുടെ വിവരക്കേടിന്‍റെ അങ്ങേയറ്റമാണിത്. ഏഷ്യാ കപ്പില്‍ നിന്ന് താരത്തെ വിലക്കണം. ഏതൊരു ബൗളര്‍ക്കും വിക്കറ്റ് ആഘോഷിക്കാനുള്ള അവകാശമുണ്ട്. ശാരീരികമായ കടന്നുകയറ്റം അംഗീകരിക്കാനാവില്ല' എന്നാണ് നൈബിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ആവേശം അതിരുകടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ കടന്നു. വിജയം പ്രതികാരം എന്നപോലെ വമ്പന്‍ ആഘോഷത്തോടെ പാകിസ്ഥാന്‍ താരങ്ങള്‍ കൊണ്ടാടി. അഫ്‌ഗാന്‍റെ 129 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെയാണ് പാകിസ്ഥാൻ മറികടന്നത്. അവസാന ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്‌സർ നേടിയ നസീം ഷായാണ് പാക് ടീമിനെ ജയത്തിലെത്തിച്ചത്. 36 റണ്‍സെടുത്ത ഷദാബ് ഖാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ആസിഫ് അലി 16 റണ്‍സില്‍ പുറത്തായപ്പോള്‍ ഫരീദ് അഹമ്മദ് മാലിക് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഫൈനലില്‍ ശ്രീലങ്കയെയാണ് പാകിസ്ഥാന്‍ നേരിടുക. 

ബാറ്റ് വീശി ആസിഫ് അലി, തോളുകൊണ്ടിടിച്ച് അഫ്‌ഗാന്‍ താരം; ഏഷ്യാ കപ്പില്‍ ആവേശം മൂത്ത് 'ഓണത്തല്ല്'- വീഡിയോ