
ഓക്‌ലന്‍ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനാണ് സാധിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ പ്രത്യേകത മാര്‍ക്ക് ചാപ്മാന്റെ ഇന്നിംഗ്‌സായിയിരുന്നു. 28 പന്തില്‍ 78 റണ്‍സാണ് ചാപ്മാന്‍ അടിച്ചെടുത്തത്. ചാപ്മാന്റെ ഇന്നിംഗ്‌സിന് ഒരു സവിശേഷതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്റെ ആദ്യ 10 പന്തുകളില്‍ 12 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ ഒരു ഫോറ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 18 പന്തുകള്‍ മാത്രം നേരിട്ട ചാപ്മാന്‍ അടിച്ചെടുത്തത് 66 റണ്‍സ്. ഏഴ് സിക്‌സം അഞ്ച് ഫോറും ചാപ്മാന്‍ അടിച്ചെടുത്തു. 366.67 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 17-ാം ഓവറിലാണ് ചാപ്മാന്‍ മടങ്ങുന്നത്.
ഈ ഇന്നിംഗ്‌സ് സ്‌കോര്‍ 200 കടത്താന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചു. ടിം റോബിന്‍സണ്‍ (39), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ പുറത്താവാതെ 28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ അവസാന ഓവറില്‍ 16 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്യൂ ഫോര്‍ഡെ - റോവന്‍മാന്‍ പവല്‍ സഖ്യമായിരുന്നു ക്രീസില്‍. കെയ്ല്‍ ജെയ്മിസണിന്റെ ആദ്യ മൂന്ന് പന്തില്‍ തന്നെ വിന്‍ഡീസ് തന്നെ ഇരുവരും രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് നേടി. ഇതില്‍ ഒരു പന്ത് നോബോളായിരുന്നു. എന്നാല്‍ നാലാം പന്തില്‍ പവലിനെ ജെയ്മിസണ്‍ പുറത്താക്കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. അഞ്ചാം പന്തില്‍ അകെയ്ല്‍ ഹൊസെയ്ന്‍ സിംഗിളെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ്. എന്നാല്‍ ഒരു റണ്‍സെടുക്കാനാണ് ഫോര്‍ഡെയ്ക്ക് സാധിച്ചത്.
വിന്‍ഡീസ് നിരയില്‍ പവലിന് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് (34), ഫോര്‍ഡെ (13 പന്തില്‍ പുറത്താവാതെ 29), അലിക് അതനാസെ (33), ഷായ് ഹോപ്പ് (24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജോസണ്‍ ഹോള്‍ഡറാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. ബ്രന്‍ഡന്‍ കിംഗ് (0), അക്കീം അഗസ്‌റ്റെ (7), റോസ്റ്റണ്‍ ചേസ് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അകെയ്ല്‍ (1) ഫോര്‍ഡെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. ജേക്കബ് ഡഫി, ജെയ്മിസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.