
തിരുപ്പതി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സെഞ്ചുറി നേടിയതോെട ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ടാമതായി ബാറ്റിംഗിനെത്തിയ താരം സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുഖം ചുളിച്ചവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് താരം മറുപടി നല്‍കി. പന്തെറിഞ്ഞപ്പോഴും ചില നിര്‍ണായക വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.
പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ പടികള്‍ മുട്ടുകുത്തിയാണ് നിതീഷ് കയറിയത്. മുട്ടുകുത്തി ക്ഷേത്രത്തിലേക്കുള്ള ചുവടുകള്‍ കയറിയതിനൊപ്പം വലിയൊരു തുക നിതീഷ് ക്ഷേത്രത്തിലേക്ക് സംഭാവനയായും നല്‍കി. വീഡിയോ കാണാം...
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇടം നേടിയിരുന്നു നിതീഷ്. വരുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്കും താരത്തെ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റും കളിച്ച നിതീഷ് 298 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിങ് ശരാശരി 37.2. മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ച നിതീഷ് 90 റണ്‍സ് ആണ് നേടിയത്. 74 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി 45. ഐപിഎല്ലില്‍ 15 കളിയില്‍ നിന്ന് 303 റണ്‍സും നിതീഷ് നേടി.