
ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് ബിസിസിഐ എല്ലാവരും ആഭ്യന്തര സീസണ്‍ കളിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. അതിന് മുമ്പ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയില്‍ രഞ്ജി ട്രോഫിക്കുള്ള പരിശീലന ക്യാംപിലെത്തിയിരുന്നു. അദ്ദേഹം മുംബൈക്ക് വേണ്ടി രഞ്ജി കളിക്കാനെത്തുമോ എന്ന് വ്യക്തമല്ല. എങ്കിലും പരിശീലനം നടത്താന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വാംഖഡെ സ്‌റ്റേഡിയത്തിലാണ് താരത്തിന്റെ പരിശീലനം. മുംബൈ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പമാണ് രോഹിത് ബാറ്റ് ചെയ്തത്. ഈ 23നാണ് രഞ്ജി ട്രോഫിയില്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇതിനിടെ ശുഭ്മാന്‍ ഗില്‍ പഞ്ചാബിന് വേണ്ടി രഞ്ജി കളിക്കാനെത്തുമെന്ന് വാര്‍ത്തകളും വരുന്നുണ്ട്. ഇപ്പോള്‍ വിരാട് കോലി, ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കണമെന്ന് പറയുകയാണ് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മ.
മുംബൈ താരങ്ങളെ കോലി മാതൃകയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കോലി ഡല്‍ഹിക്ക് വേണ്ടി കളിക്കണം. രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന രണ്ട് റൗണ്ടുകള്‍ക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമില്‍ കോലിയുടേയും റിഷഭ് പന്തിന്റേയും പേരുണ്ട്. രഞ്ജി ട്രോഫി ക്യാംപ് നടക്കുകയാണ്, കോലി മുംബൈ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ പങ്കെടുക്കണമെന്ന് ബിസിസിഐയും പരാമര്‍ശിച്ചിട്ടുണ്ട്. കോലിയും റിഷഭ് പന്തും ഒരു കളിയെങ്കിലും കളിക്കണമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.'' അദ്ദേഹം പറഞ്ഞു.
കോലിയും പന്തും രഞ്ജി ട്രോഫി കളിക്കണമെന്ന് ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്ലിയും വ്യക്തമാക്തി. ''ആഭ്യന്തര ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്നത് വളരെ പ്രധാനമാണ്. ദേശീയ ടീമിനൊപ്പമാണെങ്കില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല, അല്ലാത്തപക്ഷം, അവര്‍ ചെയ്യണം.'' 2012ലാണ് കോലി അവസാനമായി ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതിന് ശേഷം കോലിക്ക് നിരാശപ്പെടുത്തിയിരുന്നു. അടുത്ത നാല് ടെസ്റ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ സ്‌കോറുകള്‍ 7, 11, 3, 37, 5, 17, 6 എന്നിങ്ങനെയായിരുന്നു.