
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ടീം തകര്‍ന്നടിയുന്നതിനിടെ സ്‌റ്റേഡിയം വിട്ട് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി. ഞായറാഴ്ച നടന്ന പോരാട്ടത്തില്‍ 61 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം വിജയമായിരുന്നു ഇത്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ തകര്‍ച്ച നേരിടുമ്പോഴാണ് ചെയര്‍മാന്റെ മടക്കം. പാക് നിരയില്‍ മുഹമ്മദ് നവാസ് കൂടി പുറത്തായതോടെ സ്‌കോര്‍ ആറിന് 78 എന്ന നിലയിലായി. ഈ ദയനീയ പ്രകടനം നേരിട്ട് കണ്ട നഖ്വി തൊട്ടുപിന്നാലെ കറുത്ത കാറില്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുകയായിരുന്നു.
അദ്ദേഹം നേരത്തെ മടങ്ങിയതിന് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 77 റണ്‍സുമായി തിളങ്ങി. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായെങ്കിലും തിലക് വര്‍മ്മ (25), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരുടെ സംഭാവനകള്‍ ഇന്ത്യയെ 20 ഓവറില്‍ 175/7 എന്ന സ്‌കോറിലെത്തിച്ചു. പാകിസ്ഥാനായി സയിം അയൂബ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 34 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. 18 ഓവറില്‍ വെറും 114 റണ്‍സിന് പാകിസ്ഥാന്‍ കൂടാരം കയറി. ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ പാക് ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ടോസ് ജയിച്ച് ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നായകന്റെ തീരുമാനം പാളിയെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കൊളംബോയിലെ ഐസിസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കായി മൊഹ്‌സിന്‍ നഖ്വി കുറച്ചുദിവസം കൂടി കൊളംബോയില്‍ തുടരുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!