സഞ്ജുവിന്റെ നിര്‍ദേശം ശരിയായിരുന്നു, എന്നാല്‍ വിക്കറ്റില്ല; പിന്നാലെ മിന്നല്‍ സ്റ്റംപിങ്

By Web TeamFirst Published Jul 28, 2022, 4:01 PM IST
Highlights

ഓഫ് സ്റ്റംപിലേക്ക് എറിഞ്ഞ അക്ഷറിന്റെ അടുത്ത ഡെലിവറിയില്‍ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ ധവാന്റെ അരികിലേക്ക് എത്തി. എന്നാല്‍ ക്യാച്ചെടുക്കാന്‍ ആയില്ല. പിന്നാലെ യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ സഞ്ജു തന്നെ ഹോപ്പിന് സ്റ്റംപ് ചെയ്ത് പുറത്താക്കി.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍  പുറത്തെടുത്തത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിംഗ് പ്രകടനം നിര്‍ണായകമായിരുന്നു. അവസാന ഓവറില്‍ വിലപ്പെട്ട രക്ഷപ്പെടുത്തല്‍ നടത്തിയ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

അവസാന ഏകദിനത്തില്‍ ബൗളര്‍മാരെ സഹായിച്ചാണ് സഞ്ജു ശ്രദ്ധിക്കപ്പെട്ടത്. മൂന്നാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ പന്തെറിയാനെത്തിയപ്പോഴാണ് സഞ്ജു നിര്‍ദേശവുമായെത്തിയത്. സഞ്ജുവിന്റെ വാക്കുകള്‍ വിക്കറ്റ് നേട്ടത്തിന് അടുത്തെത്തിക്കുകയും ചെയ്തു. ഷായ് ഹോപ്പാണ് ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്ത് വൈഡാണ് അക്‌സര്‍ എറിഞ്ഞത്. പിന്നാലെ സഞ്ജുവിന്റെ നിര്‍ദേശം സ്റ്റംപിലേക്കെറിയാനായിരുന്നു. അക്‌സര്‍ അതുപോലെ ചെയ്യുകയും ചെയ്തു.

ഓഫ് സ്റ്റംപിലേക്ക് എറിഞ്ഞ അക്ഷറിന്റെ അടുത്ത ഡെലിവറിയില്‍ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് സ്ലിപ്പില്‍ ധവാന്റെ അരികിലേക്ക് എത്തി. എന്നാല്‍ ക്യാച്ചെടുക്കാന്‍ ആയില്ല. പിന്നാലെ യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ സഞ്ജു തന്നെ ഹോപ്പിന് സ്റ്റംപ് ചെയ്ത് പുറത്താക്കി. ചാഹലിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തില്‍ ഹോപ്പിന് പിഴച്ചു. സഞ്ജു ക്ഷണനേരംകൊണ്ട് സ്റ്റംപ് ചെയ്ത് പുറത്താക്കി. 

പരമ്പരയിലും മത്സരത്തിലും താരം ശുഭ്മാന്‍ ഗില്‍ തന്നെ; എന്നാലൊരു നിരാശയുണ്ട്, തുറന്നുപറഞ്ഞ് യുവതാരം

രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിലും സഞ്ജു തിളങ്ങിയിരുന്നു. 51 റണ്‍സാണ് സഞ്ജു നേടിയത്. പിന്നാലെ റണ്ണൗട്ടാവുകയായിരുന്നു. അവസാന ഏകദിനത്തില്‍ മഴ കളിച്ചപ്പോള്‍ സഞ്ജു ആറ് റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ടി20  പരമ്പരയ്ക്കുള്ള ടീമില്‍ ഇടമില്ലാത്തതിനാല്‍ സഞ്ജു നാട്ടിലേക്ക് തിരിക്കും.

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയിട്ടും മുന്നേറ്റമില്ല; ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത് തുടരുന്നു

42 റണ്‍സ് വീതം നേടിയ ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ മയേഴസ് (0), ഷംറാ ബ്രൂക്‌സ്, (0), കീസി കാര്‍ടി (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷായ് ഹോപ് 22 റണ്‍സെടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. 

നേരത്തെ 98 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ പുറത്താവാതെ നില്‍ക്കുമ്പോള്‍ മഴയെത്തിയത് താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി. ശിഖര്‍ ധവാന്‍ (58), ശ്രേയസ് അയ്യര്‍ (44) എന്നിവരും തിളങ്ങി. സൂര്യകുമാര്‍ യാദവ് (8) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി.
 

click me!