
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ തോല്‍വി നേരിട്ടിരുന്നു. പോച്ചെഫ്‌സ്ട്രൂം, സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 111 റണ്‍സിനാണ് ഓസീസ് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് നേടിയത്. എയ്ഡന്‍ മാര്‍ക്രമിന്റെ (102) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 34.3 ഓവറില്‍ 227ന് എല്ലാവരും പുറത്തായി.
തോറ്റെങ്കിലും ഓസീസ് താരം സീന്‍ അബോട്ട് എടുത്ത ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. മാര്‍കോ ജാന്‍സെനെ (32) പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഓസീസ് പേസര്‍ നതാന്‍ എല്ലിസിന്റെ വൈഡ് യോര്‍ക്കര്‍ ജാന്‍സന്‍ ഓഫ്‌സൈഡിലേക്ക് കളിച്ചു. പന്ത് ബൗണ്ടറിയാവുമെന്ന് ഉറപ്പിച്ചതുമാണ്. എന്നാല്‍ സ്വീപ്പര്‍ കവറില്‍ നിന്ന് ഓടിവന്ന അബോട്ട് ഒറ്റകൈയില്‍ പന്ത് ഒതുക്കി. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നെന്നാണ് ആരാധകര്‍ വാഴുത്തുന്നത്. വീഡിയോ കാണാം...
നേരത്തെ, മാര്‍ക്രമിന് പുറമെ ക്വിന്റണ്‍ ഡി കോക്ക് (82), തെംബ ബവൂമ (57) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയിരുന്നു. റീസ ഹെന്‍ഡ്രിക്‌സ് (39), ജാന്‍സന്‍ (16 പന്തില്‍ 32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹെന്റച്ച് ക്ലാസന്‍ (0), ഡേവിഡ് മില്ലര്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സിസാന്‍ഡ മഗാല (6) മാര്‍ക്രമിനൊപ്പം പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ (56 പന്തില്‍ 78) മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വാര്‍ണറെ കേശവ് മഹാരാജ് റണ്ണൗട്ടാക്കി. ട്രാവിസ് ഹെഡ് (38), മിച്ചല്‍ മാര്‍ഷ് (29) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. മര്‍നസ് ലബുഷെയ്ന്‍ (15), അലക്‌സ് ക്യാരി (12), മാര്‍കസ് സ്റ്റോയിനിസ് (10), ടിം ഡേവിഡ് (8), അബോട്ട് (2), നതാന്‍ എല്ലിസ് (16), തന്‍വീര്‍ സംഗ (0) എന്നിവരും പുറത്തായി. ജോഷ് ഹേസല്‍വുഡ് (12) പുറത്താവാതെ നിന്നു. ജെറാള്‍ഡ് കോട്‌സീ നാല് വിക്കറ്റ് വീഴ്ത്തി.