ടീമിന്‍റെ രക്ഷകനായി ഇത്രയൊക്കെ ചെയ്‌തിട്ടും മതിയായില്ല; കലിപ്പായി കോലി, പരസ്യമാക്കി നിരാശ

Published : Oct 09, 2023, 10:47 AM ISTUpdated : Oct 09, 2023, 11:03 AM IST
ടീമിന്‍റെ രക്ഷകനായി ഇത്രയൊക്കെ ചെയ്‌തിട്ടും മതിയായില്ല; കലിപ്പായി കോലി, പരസ്യമാക്കി നിരാശ

Synopsis

ഏകദിന ലോകകപ്പില്‍ ചെപ്പോക്കില്‍ ഓസീസിനെതിരെ രണ്ട് ഓവറില്‍ 2 റണ്‍സിന് 3 വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ കരകയറ്റിയിരുന്നു വിരാട് കോലി

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്ക് എതിരെ ടീമിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയ താരങ്ങളിലൊരാള്‍ റണ്‍മെഷീന്‍ വിരാട് കോലിയായിരുന്നു. രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം കരകയറ്റുകയായിരുന്നു വിരാട്. ഇന്ത്യന്‍ സ്കോര്‍ 167ല്‍ നില്‍ക്കേ കോലി പുറത്തായെങ്കിലും 200 റണ്‍സ് ലക്ഷ്യത്തിലേക്ക് എത്താന്‍ പിന്നീട് ടീമിന് പ്രയാസമുണ്ടായില്ല. വിജയത്തിനടുത്ത് ടീമിനെ എത്തിച്ച ശേഷമാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതെങ്കിലും പുറത്താകലില്‍ കോലി ഒട്ടും സന്തുഷ്‌ടനായിരുന്നില്ല. 

ലോക ക്രിക്കറ്റിലെ ചേസ് മാസ്റ്ററാണ് ഇന്ത്യയുടെ വിരാട് കോലി. ഏകദിന ലോകകപ്പില്‍ ചെപ്പോക്കില്‍ ഓസീസിനെതിരെ രണ്ട് ഓവറില്‍ 2 റണ്‍സിന് 3 വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ കരകയറ്റിയ കോലിയുടെ ഇന്നിംഗ്‌സ് ഇതിന് മറ്റൊരു സാക്ഷ്യം. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 165 റണ്‍സ് ചേര്‍ത്ത കോലി ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ മടങ്ങിയത്. ഒരിക്കല്‍ക്കൂടി കോലി ക്ലാസ് കണ്ട ഇന്നിംഗ്‌സില്‍ താരം 116 പന്തില്‍ കരുതലോടെ 85 റണ്‍സ് കണ്ടെത്തി. എന്നാല്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ ക്യാച്ചില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലിക്ക് നിരാശയടക്കാനായില്ല. ഡ്രസിംഗ് റൂമിലെത്തിയ ശേഷം പലതവണ തലയില്‍ കൈ കൊണ്ടടിച്ച് കോലി തന്‍റെ നിരാശയത്രയും പ്രകടിപ്പിക്കുന്നത് കാണാനായി. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാണാം ആ ദൃശ്യങ്ങള്‍. 

മത്സരത്തില്‍ ഓസീസിന്‍റെ 199 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തി. ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ ലോകകപ്പില്‍ ജയത്തുടക്കം സ്വന്തമാക്കിയപ്പോള്‍ കോലിയുടെ 85 ഉം കെ എല്‍ രാഹുല്‍ പുറത്താവാതെ നേടിയ 97* ഉം ശ്രദ്ധേയമായി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ക്രീസിലെത്തിയ കോലി 38-ാം ഓവറിലെ അഞ്ചാം പന്തില്‍ മാത്രമാണ് മടങ്ങിയത്. നാലാം വിക്കറ്റില്‍ വിരാട് കോലി- കെ എല്‍ രാഹുല്‍ സഖ്യം 165 റണ്‍സ് ചേര്‍ത്തു. കോലി മടങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ 52 പന്തുകള്‍ ബാക്കിനില്‍ക്കേ ജയത്തിലെത്തിച്ചു. 

Read more: സച്ചിന്‍ എന്ന വന്‍മരം വീണു; ചേസിംഗില്‍ വിരാട് കോലി കിംഗ്, റെക്കോര്‍ഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ