
മുംബൈ: യുവതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നിലവിൽ ടീമിനായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നീ ഓപ്പണിംഗ് സഖ്യത്തെ പിന്തുണയ്ക്കുന്നതാണ് മാനേജ്മെന്റിന്റെ നിലപാടെന്ന് ശ്രേയസ് വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് നേടിയതോടെയാണ് 15-കാരനായ വൈഭവ് സൂര്യവംശി ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ ഇടംനേടിയെങ്കിലും എട്ട് മത്സരങ്ങളിൽ മാത്രമാണ് വൈഭവിന് പ്ലേയിംഗ് ഇലവനില് അവസരം ലഭിച്ചത്. സിംബാബ്വെ പര്യടനത്തിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിട്ടും ഗൗതം ഗംഭീർ പരിശീലകനായ ശേഷം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമേ വൈഭവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും നടന്ന പരമ്പരകളിൽ ഒരൊറ്റ മത്സരത്തിൽ പോലും വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് നായകൻ ശ്രേയസ് അയ്യർ വ്യക്തത വരുത്തിയത്. അവസരം ലഭിക്കുമെന്ന് ഞാൻ വൈഭവിനോട് നിരന്തരം പറയാറുണ്ട്. ഇന്ത്യക്കായി ലോകകപ്പ് നേടിത്തന്ന, സ്ഥിരതയോടെ റൺസ് കണ്ടെത്തുന്ന രണ്ട് മികച്ച ഓപ്പണർമാർ നമുക്കുണ്ട്. അതിനാൽ ഇപ്പോൾ അവസരം ലഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ ആലോചിച്ച് സമ്മർദ്ദത്തിലാകേണ്ടതില്ലെന്നാണ് അവനോട് പറഞ്ഞിട്ടുള്ളത്. മികച്ചൊരു ഐപിഎൽ സീസണിന് ശേഷം ടീമിൽ പുറത്തിരിക്കേണ്ടി വരുമ്പോഴുള്ള അവന്റെ മനസിലെ വികാരം എനിക്ക് മനസിലാകും. എന്നാൽ ചിലപ്പോൾ കാത്തിരുന്നേ മതിയാകൂവെന്നും ശ്രേയസ് അയ്യർ പറഞ്ഞു.
ട്വന്റി-20 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണും അഭിഷേക് ശർമ്മയും നൽകുന്ന മികച്ച തുടക്കങ്ങളാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ കരുത്ത്. അതിനാൽത്തന്നെ ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് ശ്രേയസ് അയ്യരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!