
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ മഴയുടെ കളിയില്‍ ടോസ് പോലും ഇടാതെ നിരവധി മത്സരങ്ങളാണ് ഒലിച്ചുപോയത്. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും മഴയുടെ കളി തുടരുകയാണ്. നാളെ അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ 12 പോരാട്ടമാണ് മഴ നിഴലില്‍ ആയത്. എങ്കിലും ഇന്ത്യന്‍ ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് അഡ്‌ലെയ്ഡില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. അഡ്‌ലെയ്ഡില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ്. മഴമൂലം ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം ഇന്‍ഡോറിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മത്സരദിനമായ ബുധനാഴ്ചയും മഴ സാധ്യതയുണ്ടെങ്കിലും മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇന്ന് 95 ശതമാനം മഴ സാധ്യത പ്രവചിക്കപ്പെട്ട അഡ്‌ലെയ്ഡില്‍ മത്സരദിവസമായ ബുധനാഴ്ച 70 ശതമാനം മഴ സാധ്യതയാണ് ഓസ്ട്രേലിയന്‍ കാലവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആകാശം മേഘാവൃതമായിരിക്കുമെന്നും നാളെ ഒരു മില്ലി മീറ്റര്‍ മുതല്‍ മൂന്ന് മില്ലി മീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ടെന്നുമാണ് പ്രവചനം. ബുധനാഴ്ച അഡ്‌ലെയ്ഡില്‍ 25-35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
ഞങ്ങള്‍ ലോകകപ്പ് നേടാന്‍ വന്നവരല്ല, ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ഷാക്കിബ് അല്‍ ഹസന്‍
അഡ്‌ലെയ്ഡിലേത് ഡ്രോപ് ഇന്‍ പിച്ചാണ്. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യസാധ്യത നല്‍കുന്നുണ്ടെങ്കിലും സിഡ്നിയലേതു പോല ഓസ്ട്രേലിയയിലെ ഏറ്റവം ബാറ്റിംഗ് സൗഹൃദ വിക്കറ്റുകളിലൊന്നാണ് അഡ്‌ലെയ്ഡിലേത്. എങ്കിലും കളിയുടെ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് മികച്ച പേസും ബൗണ്‍സും ലഭിക്കും.
ഇന്ത്യക്ക് നിര്‍ണായകം
മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങള്‍, ബിസിസിഐക്ക് അമ്പരപ്പ്
രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യ സെമി ഉറപ്പിക്കും. അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായിട്ടായിരിക്കും ഇന്ത്യ സെമി കളിക്കേണ്ടിവരിക. നിലവിലെ സാധ്യതകള്‍വെച്ച് ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡ് ഒന്നാം സഥാനത്ത് വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. അങ്ങനെയെങ്കില്‍ 2019ലെ ഏകദിന ലോകകപ്പിന്‍റെ തനിയാവര്‍ത്തനമായിരിക്കും ടി20 ലോകകപ്പിലെ സെമിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!