ലക്ഷ്യം ടി20 ലോകകപ്പ്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബ്രാവോ

By Web TeamFirst Published Dec 13, 2019, 2:39 PM IST
Highlights

എതിരാളികള്‍ കരുതിയിരിക്കുക...ബാറ്റും പന്തും കൊണ്ട് വിനാശകാരിയായ വിന്‍ഡീസ് സൂപ്പര്‍ താരം മടങ്ങിവരവ് പ്രഖ്യാപിച്ചു. 

സെന്‍റ്  ലൂസിയ: വിന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നതായി ഇന്നാണ് താരം ഔദ്യോഗികമായി അറിയിച്ചത്. വിന്‍ഡീസ് ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം 2016 മുതല്‍ കളിക്കാതിരുന്ന താരം 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

'രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന വിവരം ലോകമെമ്പാടുമുള്ള ആരാധകരെ അറിയിക്കുകയാണ്. ഈ വലിയ പ്രഖ്യാപനത്തിന് പിന്നില്‍ രഹസ്യങ്ങളൊന്നുമില്ല, വിന്‍ഡീസ് ക്രിക്കറ്റ് ഭരണത്തില്‍ വന്ന മാറ്റങ്ങളാണ് തീരുമാനം മാറ്റാന്‍ കാരണം. പരിശീലകന്‍ ഫില്‍ സിമ്മന്‍സിന്‍റെയും നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും നേതൃത്വത്തിന് കീഴില്‍ തിരിച്ചെത്തുന്നത് ആകാംക്ഷ ജനിപ്പിക്കുന്നതായും'- ബ്രാവോ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 

ശക്തമായ ടീമിനെ പടുത്തുയര്‍ത്തി വിന്‍ഡീസ് ക്രിക്കറ്റിനെ പുനരുജീവിപ്പിക്കാനാകുമെന്ന് ബ്രാവോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീം റാങ്കിംഗ് മെച്ചപ്പെടുത്താനാകുമെന്നും ടി20 ലോകകപ്പിനുള്ള ടീമില്‍ അവസരം ലഭിച്ചാല്‍ 100 ശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കുമെന്നും 36കാരനായ താരം കൂട്ടിച്ചേര്‍ത്തു. എക്കാലവുമുള്ള വലിയ പിന്തുണയ്‌ക്ക് ആരാധകര്‍ക്ക് ബ്രാവോ നന്ദി പറഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായി ബ്രാവോ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു. 

ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങുന്ന ബ്രോവോ വിന്‍ഡീസിനായി 40 ടെസ്റ്റും 164 ഏകദിനങ്ങളും 66 ടി20കളും കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര കരിയറില്‍ 6,310 റണ്‍സും 337 വിക്കറ്റും താരത്തിന് സമ്പാദ്യമായിട്ടുണ്ട്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിപ്പിരിഞ്ഞ താരം 2016ല്‍ പാകിസ്ഥാനെതിരെ യുഎഇയിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ വിവിധ ടി20 ലീഗുകളില്‍ ബ്രാവോ തുടര്‍ന്നും സജീവമായിരുന്നു

click me!