
ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് വിന്‍ഡീസ് വരുത്തിയത്. ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിരാശപ്പെടുത്തിയ യുവ ബാറ്റര്‍ റെയ്മണ്‍ റീഫറെ വിന്‍ഡീസ് ടീമില്‍ നിന്നൊഴിവാക്കി. ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ 11 ഉം റണ്‍സെടുത്ത് റീഫര്‍ പുറത്തായിരുന്നു.
റീഫര്‍ക്ക് പകരം ബൗളിംഗ് ഓള്‍ റൗണ്ടറായ കെവിന്‍ സിംക്ലെയറെ ഡെസ്മണ്ട് ഹെയ്ന്‍സിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ റീഫറെ ആര്‍ക്കെങ്കിലും പരിക്കേറ്റാലുള്ള പകരക്കാരനായി ടീമിനൊപ്പം നിലനിര്‍ത്തിയിട്ടുണ്ട്. വിന്‍ഡീസിനായി ഏകദിനങ്ങളില്‍ തിളങ്ങിയിട്ടുള്ള ഓഫ് സ്പിന്നറാണ് സിംക്ലെയര്‍. വിന്‍ഡീസ് കുപ്പായത്തില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ച സിംക്ലെയര്‍ 11 വിക്കറ്റ് വീഴ്ത്തി. ഇതുവരെ കളിച്ച 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ബാറ്റിംഗില്‍ 29ഉം ബൗളിംഗില്‍ 23.98ഉം ആണ് സിംക്ലെയറുടെ ശരാശരി.
ഈ വര്‍ഷം ആദ്യം ബംഗ്ലാദേശ് എ ടിമിനെതിരെ പുറത്തെടുത്ത മികവാണ് സിംക്ലെയര്‍ക്ക് ടീമില്‍ ഇടം നല്‍കിയത്. മൂന്ന് മത്സരങ്ങളില് 13 വിക്കറ്റാണ് സിംക്ലെയര്‍ ബംഗ്ലാദേശിനെതിരെ വീഴ്ത്തിയത്. റഹ്‌കീം കോണ്‍വാള്‍ ആദ്യ ടെസ്റ്റില്‍ രണ്ടാം ദിനം അസുഖബാധിതമനായി മടങ്ങിയിരുന്നെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമിലും നിലനിര്‍ത്തിയിട്ടുണ്ട്. കോണ്‍വാള്‍ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് സൂചന. പേസ് നിരയില്‍ അല്‍സാരി ജോസഫ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച് എന്നിവരാണുള്ളത്. സ്പിന്നറായി കോണ്‍വാളിന് പുറമെ ജോമല്‍ വാറിക്കനും ടീമിലുണ്ട്.
ലോകകപ്പ് ടീം തെരഞ്ഞെടുപ്പ്; ദ്രാവിഡിനെയും രോഹിത്തിനെയും കാണാന്‍ അഗാര്‍ക്കര്‍ വിന്‍ഡീസിലേക്ക്
ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിന്‍ഡീസ് അടിയറവ് പറഞ്ഞിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 150ഉം രണ്ടാം ഇന്നിംഗ്സില്‍ 130ഉം റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ യശസ്വി ജയ്‌സ്വാളിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറികളുടെ മികവില്‍ 421-5 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു.
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റൻ), അലിക്ക് അത്നാസെ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്‌കെൻസി, കെമർ റോച്ച്, കെവിന്‍ സിംക്ലെയര്‍, ജോമല്‍ വാറിക്കന്‍.