
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍. ഏഷ്യാകപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ ഒരാളായിരിക്കും ചാഹല്‍. മലയാളിതാരം സഞ്ജു സാംസണ് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ചാഹല്‍ ഐപിഎല്ലില്‍ കളിക്കുന്നത്. സഞ്ജുവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചാഹല്‍ പലപ്പോഴും സഞ്ജുവിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരിക്കല്‍കൂടി സഞ്ജുവിനെ കുറിച്ച് നിര്‍ത്താതെ സംസാരിക്കുകയാണ് ചാഹല്‍. എം എസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപോലെ എനിക്ക് ഏത് കാര്യവും സംസാരിക്കാന്‍ സ്വതന്ത്ര്യമുള്ള വ്യക്തിയാണ് സഞ്ജുവെന്നാണ് ചാഹല്‍ പറയുന്നത്.
സഞ്ജു വളരെയേറെ പക്വതയേറിയ വ്യക്തിയാണെന്നാണ് ചാഹല്‍ പറയുന്നത്. ചാഹലിന്റെ വാക്കുകള്‍... ''ടീമംഗങ്ങള്‍ എനിക്ക് സഹോദരന്മാരാണ്. മഹി ബായ്, വിരാട് ഭയ്യ, രോഹിത് ഭയ്യ സഞ്ജു... അങ്ങനെ കുറച്ചുപേരുണ്ട്. എനിക്കവരെ എപ്പോള്‍ വിളിക്കാം, സംസാരിക്കാം. എന്റെ പ്രശ്‌നങ്ങള്‍ ഏത് സമയത്തും അവരോട് ചര്‍ച്ച ചെയ്യാം. അവരെപ്പോഴും എന്നെ കേള്‍ക്കാനും തയ്യാറാണ്. ഞങ്ങള്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ട്.
ഒരു മാസം ഞങ്ങള്‍ ഒരുമിച്ചുണ്ടെങ്കില്‍ അതൊരു കുടുംബം പോലെയാണ് തോന്നാറ്. സ്വന്തം കുടുംബത്തോടൊപ്പം പങ്കിടാന്‍ തോന്നാത്ത കാര്യങ്ങള്‍ ഞങ്ങള്‍ തുറന്ന് സംസാരിക്കാറുണ്ട്. ഭാവിയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ഞങ്ങള്‍സ ംസാരിക്കും. ചില കാര്യങ്ങള്‍ ഭാര്യയോട് പോലും എനിക്ക് സംസാരിക്കാന്‍ പറ്റാറില്ല. ശ്രമിക്കാറുണ്ട് എന്നാല് പൂര്‍ണമായും പുറത്തുവരാറില്ല.''
''സഞ്ജു വളരെയധികം പക്വതയുള്ള വ്യക്തിയാണ്. ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും അങ്ങനെ തന്നെ. വൈകാരികമാവുന്ന കാര്യങ്ങള്‍ ഞാന്‍ സഞ്ജുവിനോട് സംസാരിക്കാറുണ്ട്. വൈകാരികമായ അടുപ്പം സഞ്ജുവിനോടുണ്ട്. അവര്‍ക്ക് ഇതിനെ കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ട്.'' ചാഹല്‍ പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ ചാഹല്‍ പുകഴ്ത്തിയിരുന്നു. സഞ്ജു ധോണിയെ ഓര്‍മിപ്പിക്കുന്നുവെന്ന് ചാഹല്‍ അഭിപ്രായപ്പെട്ടിരുന്നു.