
ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് ടാഗെനരൈന്‍ ചന്ദര്‍പോള്‍, അലിക്ക് അതനാസെ എന്നിവര്‍ തിരിച്ചെത്തി. ഒക്ടോബര്‍ 2നാണ് പരമ്പര ആരംഭിക്കുന്നത്. 15 അംഗ ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചത്. ഇടംകൈയ്യന്‍ സ്പിന്നര്‍ ഖാരി പിയറിയാണ് ടീമിലെ പുതുമുഖം. റോസ്റ്റണ്‍ ചേസ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ജോമെല്‍ വറിക്കനാണ്. അഹമ്മദാബാദിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 10ന് ഡല്‍ഹിയില്‍ ആരംഭിക്കും.
വെസ്റ്റ് ഇന്‍ഡീസ് ടീം : റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജോമെല്‍ വാരിക്കന്‍ (വൈസ് ക്യാപ്റ്റന്‍), കെവ്ലോണ്‍ ആന്‍ഡേഴ്സണ്‍, അലിക്ക് അത്തനാസ്, ജോണ്‍ കാംബെല്‍, ടാഗെനറൈന്‍ ചന്ദര്‍പോള്‍, ജസ്റ്റിന്‍ ഗ്രീവ്സ്, ഷായ് ഹോപ്പ്, ടെവിന്‍ ഇംലാച്ച്, അല്‍സാരി ജോസഫ്, ഷാമര്‍ ജോസഫ്, ബ്രന്‍ഡന്‍ കിംഗ്, ആന്‍ഡേഴ്സണ്‍ ഫിലിപ്പ്, ഖാരി പിയറി, ജെയ്ഡന്‍ സീല്‍സ്.
2018ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നത്. പുതിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ വിദേശ പരമ്പരയാണിത്. ജെയ്ഡന്‍ സീല്‍സ്, ഷമാര്‍ ജോസഫ്, അല്‍സാരി ജോസഫ് എന്നിവര്‍ വിന്‍ഡീസിന്റെ പേസ് നിര നയിക്കും. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ നാട്ടില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്.
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഏഷ്യാ കപ്പ് അവസാനിക്കുന്നതിന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായതിന് ശേഷം നാട്ടില്‍ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയായിരിക്കുമിത്. ഇംഗ്ലണ്ടില്‍ കളിച്ച ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.