പട നയിച്ച് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം

Published : Oct 03, 2026, 11:08 PM IST
Shai Hope

Synopsis

ന്യൂ ഛണ്ഡീഗഡിൽ നടന്ന ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. കെ എൽ രാഹുലിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ 351 റൺസ് നേടിയെങ്കിലും ഷായ് ഹോപ്പിന്റെ അപരാജിത സെഞ്ചുറി വിൻഡീസിനെ വിജയത്തിലെത്തിച്ചു.

ന്യൂ ഛണ്ഡീഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം. ന്യൂ ഛണ്ഡീഗഡ്, പിസിഎ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കെ എല്‍ രാഹുലിന്റെ (87 പന്തില്‍ പുറത്താവാതെ 129) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ (85 പന്തില്‍ 92) മികച്ച പ്രകടനം പുറത്തെടുത്തു. ജയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ്പിന്റെ (143 പന്തില്‍ പുറത്താവാതെ 162) സെഞ്ചുറിയാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. അമീര്‍ ജാംഗൂ (67), കീമോ പോള്‍ (44) മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ നേടിയിരുന്നു.

ഹോപ്പിനൊപ്പം ഗുഡകേഷ് മോട്ടി (14 പന്തില്‍ 19) പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്‌സ്. ജോണ്‍ ക്യാംപെല്‍ (10), ഷെഫാനെ റുതര്‍ഫോര്‍ഡ് (24), മാത്യൂ ഫോര്‍ഡെ (7) എന്നിവരുടെ വിക്കറ്റുകളും വിന്‍ഡീസിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, കുല്‍ദീപ് യാദവ്, നമന്‍ ധിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറിലെ മൂന്നം പന്തില്‍ ശുഭ്മാന്‍ ഗില്‍ (1) വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടടുത്ത പന്തില്‍ കോലിയുടെ (0) മിഡില്‍ സ്റ്റംപും തെറിച്ചു. ശേഷം അഞ്ചാം ഓവറില്‍ രോഹിത് ഒരു എല്‍ബിഡബ്ലൂ റിവ്യൂ അതിജീവിക്കുകയും ചെയ്തു. പതിയെ താളം കണ്ടെത്തിയ രോഹിത് പിന്നീട് രണ്ട് ബൗണ്ടറികള്‍ പായിച്ച് ആത്മവിശ്വാസത്തിലെത്തി.

തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനൊപ്പം 137 റണ്‍സും ചേര്‍ത്ത ശേഷമാണ് രോഹിത് മടങ്ങുന്നത്. 25-ാം ഓവറില്‍ കീമോ പോളിന്റെ പന്തില്‍ ജൂവല്‍ ആന്‍ഡ്രൂവിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. മൂന്ന് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. വൈകാതെ ഗെയ്കവാദും മടങ്ങി. 57 റണ്‍സെടുത്ത ഗെയ്കവാദ് നാല് സിക്സും ഒരു ഫോറുമാണ് നേടിയത്. ജെയ്ഡന്‍ സീല്‍സിനായിരുന്നു വിക്കറ്റ്. തുടര്‍ന്നായിരുന്നു രാഹുലിന്റെ മനോഹര ഇന്നിംഗ്സ്. നമന്‍ ധിര്‍ (30), നിതീഷ് കുമാര്‍ റെഡ്ഡി (9), അന്‍ഷൂല്‍ കാംബോജ് (17) എന്നിവരെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രാഹുല്‍ സ്വന്തമാക്കിയിരുന്നു. 87 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്സും 10 ഫോറും നേടി.

രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്വിബ് നബി, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്തായി. പകരം അന്‍ഷൂല്‍ കാംബോജ്, മുഹമ്മദ് സിറാജ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, റിതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍.

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാമ്പ്യൂവല്‍, ജൂവല്‍ ആന്‍ഡ്രൂ, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അമീര്‍ ജാന്‍ഗു, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, കീമോ പോള്‍, മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, വിദെല്‍ ലോസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെസ്റ്റിന്‍ഡീസിനെതിരായ സെഞ്ചുറിക്ക് പിന്നാലെ എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി കെ എല്‍ രാഹുല്‍
കെ എല്‍ രാഹുലിന് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍