വലിയ മത്സരങ്ങളിലെ വലിയ താരം; വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സ് വിരമിച്ചു

By Web TeamFirst Published Nov 4, 2020, 5:22 PM IST
Highlights

39കാരനായ സാമുവല്‍സ് 71 ടെസ്റ്റും 207 ഏകദിനങ്ങളും 67 ടി20 മത്സരങ്ങളും വിന്‍ഡീസിനായി കളിച്ചു. മൂന്ന് ഫോര്‍മാറ്റുകളിലുമായി 11,134 റണ്‍സും 152 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2008 ഡിസംബറിലാണ് അദ്ദേഹം അവസാനം വിന്‍ഡീസിനായി കളിച്ചത്. വിരമിക്കുന്ന കാര്യം കഴിഞ്ഞ ജൂണില്‍ തന്നെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. 39കാരനായ സാമുവല്‍സ് 71 ടെസ്റ്റും 207 ഏകദിനങ്ങളും 67 ടി20 മത്സരങ്ങളും വിന്‍ഡീസിനായി കളിച്ചു. മൂന്ന് ഫോര്‍മാറ്റുകളിലുമായി 11,134 റണ്‍സും 152 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 

വലിയ മത്സരങ്ങളില്‍ വിന്‍ഡീസിനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് സാമുവല്‍സ്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് തവണ ഐസിസി ടി20 കിരീടം നേടിയപ്പോഴും മികച്ച പ്രകടനം നടത്തിയത് സാമുവല്‍സായിരുന്നു. 2012 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 56 പന്തില്‍ 78 റണ്‍സ് നേടിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ഇംഗ്ലണ്ടിനെതിരെ നടന്ന മറ്റൊരു ഫൈനലില്‍ 85 റണ്‍സും നേടി. കൊല്‍ക്കത്ത ഈഡര്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം.

വിവിധ ഫ്രാഞ്ചൈസി ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പൂനെ വാരിയേഴസ്്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) എന്നിവര്‍ക്ക് വേണ്ടിയും സാമുവല്‍സ് കളിച്ചു. മെല്‍ബണ്‍ റെനെഗെയ്ഡ്‌സ്, പെഷവാര്‍ സാല്‍മി എന്നീ ടീമികള്‍ക്ക് വേണ്ടിയും താരം പാഡണിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ കളിച്ച 15 മത്സരങ്ങളില്‍ നിന്നായി 161 റണ്‍സും ഒമ്പത് വിക്കറ്റും താരം സ്വന്തമാക്കി.

click me!