
ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്‍വെയോട് തോറ്റമ്പിയതില്‍ അവസാനിക്കുന്നില്ല വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ കഷ്ടകാലം. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് വിന്‍ഡീസിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ മാച്ച് റഫറി വിധിച്ചു. ഐസിസി മാച്ച് റഫറി മുഹമ്മദ് ജാവേദ് ആണ് ശിക്ഷ വിധിച്ചത്. നിശ്ചിത സമയം വൈകി മൂന്ന് ഓവറുകള്‍ കടന്നുപോയതാണ് ക്യാപ്റ്റന്‍ ഷായ് ഹോപ്പിന് വിനയായത്. നഷ്ടമാകുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതമാണ് പിഴ. മൂന്ന് ഓവറുകള്‍ വൈകിയതിനാല്‍ സിംബാബ്‍വെക്കെതിരെ ടീമിന് 60 ശതമാനം പിഴ കിട്ടുകയായിരുന്നു.
ക്യാപ്റ്റന്‍ ഷായ് ഹോപ് പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വിശദീകരണം തേടലുണ്ടാവില്ല. സിംബാബ്‍വെയോട് തോറ്റെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ഇതിനകം യോഗ്യതാ റൗണ്ടിലെ സൂപ്പർ സിക്സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളില്‍ ഫൈനലിലെത്തുന്ന രണ്ട് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയില്‍ വച്ചാണ് ലോകകപ്പ് നടക്കുന്നത്.
ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിട്ടുനില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസിനോട് 35 റണ്ണിന്‍റെ തകർപ്പന്‍ ജയമാണ് സിംബാബ്‍വെ പേരിലാക്കിയത്. സിംബാബ്‍വെ മുന്നോട്ടുവെച്ച 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 44.4 ഓവറില്‍ 233 റണ്‍സില്‍ പുറത്തായി. സ്കോർ: സിംബാബ്‍വെ- 268-10 (49.5), വിന്‍ഡീസ്- 233-10 (44.4). സിംബാബ്‍വെയുടെ സിക്കന്ദർ റാസ അർധസെഞ്ചുറിയും(58 പന്തില്‍ 68) രണ്ട് വിക്കറ്റും നേടി കളിയിലെ താരമായി. വിന്‍ഡീസിനായി കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി കണ്ടെത്തിയ നായകന്‍ ഷായ് ഹോപ് 39 പന്തില്‍ 30 ഉം, നിക്കോളസ് പുരാന്‍ 36 പന്തില്‍ 34 ഉം റണ്ണില്‍ മടങ്ങിയപ്പോള്‍ 53 പന്തില്‍ 44 റണ്‍സെടുത്ത ചേസിന്‍റെ പ്രതിരോധം ടീമിനെ കാത്തില്ല.
Read more: റണ്‍മല 'റാസ'; വെസ്റ്റ് ഇന്‍ഡീസിനെ മലർത്തിയടിച്ച് സിംബാബ്‍വെ!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!