മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ബ്രാണ്ടന് കിംഗും കെയ്ല്‍ മെയേഴ്സും മോശമല്ലാത്ത തുടക്കം നല്‍കിയിട്ടും സിംബാബ്‍വെ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു
ഹരാരെ: ഒരിക്കല്‍ക്കൂടി ഓള്‍റൗണ്ട് മികവുമായി സിക്കന്ദർ റാസ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സിംബാബ്‍വെ. ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിട്ടുനില്‍ക്കുന്ന വിന്‍ഡീസിനെതിരെ 35 റണ്ണിന്‍റെ തകർപ്പന്‍ ജയമാണ് സിംബാബ്‍വെ താരങ്ങള്‍ പേരിലാക്കിയത്. സിംബാബ്‍വെ മുന്നോട്ടുവെച്ച 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 44.4 ഓവറില്‍ 233ല്‍ പുറത്തായി. സ്കോർ: സിംബാബ്‍വെ- 268-10 (49.5), വിന്‍ഡീസ്- 233-10 (44.4). റാസ അർധസെഞ്ചുറിയും രണ്ട് വിക്കറ്റും നേടി കളിയിലെ താരമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ 49.5 ഓവറില്‍ 268 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അർധസെഞ്ചുറികള്‍ നേടിയ ഓള്‍റൗണ്ടര്‍ സിക്കന്ദർ റാസയും റയാന്‍ ബേളുമാണ് സിംബാബ്‍വെക്ക് മോശമല്ലാത്ത സ്കോർ ഉറപ്പിച്ചത്. റാസ 58 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം 68 റണ്‍സെടുത്തു. ബേള്‍ 57 പന്തില്‍ 5 ഫോറും ഒരു സിക്സും ഉള്‍പ്പടെ 50 റണ്‍സും സ്വന്തമാക്കി. വിക്കറ്റ് കീപ്പർ ജോയ്‍ലോഡ് ഗാമ്പീ(12 പന്തില്‍ 20), നായകന്‍ ക്രെയ്ഗ് ഇർവിന്‍(58 പന്തില്‍ 47) ഷോണ്‍ വില്യംസ്(26 പന്തില്‍ 23), ബ്ലെസിംഗ് മുസാറബാനി(7 പന്തില്‍ 11*) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. വിന്‍ഡീസിനായി കീമോ പോള്‍ മൂന്നും അല്‍സാരി ജോസഫും അക്കീല്‍ ഹൊസീനും രണ്ട് വീതവും റോഷ്ടന്‍ ചേസും കെയ്ല്‍ മെയേർസും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ബ്രാണ്ടന് കിംഗും കെയ്ല്‍ മെയേഴ്സും മോശമല്ലാത്ത തുടക്കം നല്‍കിയിട്ടും സിംബാബ്‍വെ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ബ്രാണ്ടന്‍ കിംഗ് 20 ഉം, മെയേഴ്സ് 56 ഉം റണ്‍സ് നേടി പുറത്തായി. ജോണ്‍സന്‍ ചാള്‍സ് ഒന്നിലും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിവീരന്‍മാരായ നായകന്‍ ഷായ് ഹോപ് 39 പന്തില്‍ 30 ഉം, നിക്കോളസ് പുരാന്‍ 36 പന്തില്‍ 34 ഉം റണ്ണില്‍ മടങ്ങിയപ്പോള്‍ 53 പന്തില്‍ 44 റണ്‍സെടുത്ത ചേസിന്‍റെ പ്രതിരോധം ടീമിനെ കാത്തില്ല. വാലറ്റത്ത് 19 റണ്‍സുമായി ജേസന്‍ ഹോള്‍ഡർക്കും ടീമിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. സിംബാബ്‍വെക്കായി തെണ്ടൈ ചതാര മൂന്നും റിച്ചാർഡും ബ്ലസിംഗും റാസയും രണ്ട് വീതവും മസാക്കഡ്സ ഒരു വിക്കറ്റും സ്വന്തമാക്കി.
Read more: ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം

