
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ തുടക്കമാകുമ്പോള്‍ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ്. രണ്ട് സ്പിന്നര്‍മാരുും മൂന്ന് പേസര്‍മാരും വേണോ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്നാണ് ഇന്ത്യന്‍ ടീമിനെ കുഴയ്ക്കുന്നത്. രവീന്ദ്ര ജഡേജക്ക് പുറമെ സ്പിന്നറായി കുല്‍ദീപ് യാദവോ യുസ്‌വേന്ദ്ര ചാഹലോ, അക്ഷര്‍ പട്ടേലോ ടീമിലെത്തിയേക്കും. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജഡേജയും ചാഹലും അക്ഷറുമാകും പ്ലേയിംഗ് ഇലവനിലെത്തുക. എന്നാല്‍ രണ്ട് സ്പിന്നര്‍മാരാണെങ്കില്‍ ജഡേജക്കൊപ്പം കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്.
മൂന്ന് പേസര്‍മാരെങ്കില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് അന്തിമ ഇലവനില്‍ ഇടം കിട്ടിയേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ പന്തെറിയുകയാമെങ്കില്‍ ഷാര്‍ദ്ദുലിനെ ഒഴിവാക്കി അക്ഷറിനെ കളിപ്പിക്കാം. ടോപ് ഓര്‍ഡറില്‍ കാര്യമായ അഴിച്ചു പണിയുണ്ടാകില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും തന്നെയാകും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. സൂര്യകുമാര്‍ യാദവിന് നാലാം നമ്പറില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കേണ്ടിവരും. ഇനിയൊരു പരാജയം സൂര്യയുടെ ഏകദിന കരിയറിന് തന്നെ ഭീഷണിയായേക്കും.
ലോകകപ്പ് ടീമില്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയാല്‍ സൂര്യകുമാറിന് സ്വാഭാവികമായും ടീമില്‍ സ്ഥാനം നഷ്ടമാകും. വിന്‍ഡീസിനെതിരെയും നിരാശപ്പെടുത്തിയാല്‍ സൂര്യയുടെ ലോകകപ്പ് ടീമിലെ സ്ഥാനവും തുലാസിലാവും. സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചേക്കും. സൂര്യയെപ്പോലെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനും ഈ പരമ്പര നിര്‍ണായകമാണ്.
ഏകദിന ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പ് ടീമിലെത്തണമെങ്കിലും സഞ്ജുവിനും സൂര്യക്കും മികവ് കാട്ടേണ്ടതുണ്ട്. സഞ്ജു കളിച്ചാല്‍ ഇഷാന്‍ കിഷനും സൂര്യയും പുറത്താവും. ഹാര്‍ദ്ദിക് അഞ്ചാം നമ്പറിലും ജഡേജ ആറാം നമ്പറിലും ബാറ്റിംഗിനെത്തും. അക്ഷര്‍ കളിച്ചാല്‍ ഏഴാം നമ്പറിലാവും ബാറ്റിംഗിനിറങ്ങുക. ഷാര്‍ദ്ദുല്‍ കളിച്ചാലും ഏഴാം നമ്പറിലെത്തും. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയില്‍ പുതുമുഖം മുകേഷ് കുമാറിനോ ഉമ്രാന്‍ മാലിക്കിനോ അവസരം ലഭിച്ചേക്കും. കുല്‍ദീപ് യാദവ് അല്ലെങ്കില്‍ യുസ്‌വേന്ദ്ര ചാഹല്‍ ഇവരിലൊരാളും പ്ലേയിംഗ് ഇലവനിലെത്തിയേക്കും.
വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.