എവിടെയാണ് ഗൗതം ഗംഭീറിന് പിഴക്കുന്നത്? പരിശീലക സ്ഥാനത്ത് നിന്ന് ഇറങ്ങാനുള്ള സമയമോ?

Published : Nov 26, 2025, 07:51 PM IST
Gautam Gambhir

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റെക്കോർഡ് ടെസ്റ്റ് തോൽവിക്ക് ശേഷം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത വിമർശനം നേരിടുകയാണ്. 

ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്ക് കീഴില്‍ തന്നെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയത്. അതിനര്‍ത്ഥം ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നു എന്നുതന്നെയാണ്. ബാക്കിയെല്ലാം ബിസിസിഐ കയ്യിലാണെന്നും ഗംഭീര്‍ പറഞ്ഞുവെക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ് ഗുവാഹത്തിയിലേത്. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ നേരിടുന്ന പത്താം ടെസ്റ്റ് തോല്‍വി. അതില്‍ അഞ്ചും ഹോം ഗ്രൗണ്ടില്‍. അതില്‍ രണ്ടും സമ്പൂര്‍ണ പരാജയം. ഇത്രയധികം നാണക്കേടിലൂടെ ഇന്ത്യക്ക് അടുത്തകാലത്തൊന്നും പോവേണ്ടി വന്നിട്ടില്ല.

ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീര്‍ മാറണമെന്ന ആവശ്യം വ്യാപകമാണ്. സ്വന്തം ഗ്രൗണ്ടില്‍ ആധിപത്യം നഷ്ടമാകുന്നതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കാനാവുക? പരിവര്‍ത്തനഘട്ടം, പരിചയസമ്പത്തില്ലാത്ത യുവനിര, ബാറ്റിങ് നിരയുടെ പോരായ്മ, അതോ പരീക്ഷണങ്ങള്‍ നടത്തി ടീമിനെ ബലിയാടാക്കുന്ന ഗംഭീറിന്റെ സ്വന്തം തീരുമാനങ്ങളോ? ഗുവാഹത്തി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത് രണ്ട് താരങ്ങള്‍ മാത്രമാണ്. യശസ്വി ജയ്‌സ്വാളും രവീന്ദ്ര ജഡേജയും. രണ്ട് ഇന്നിംഗ്‌സിലുമായി ദക്ഷണാഫ്രിക്കന്‍ സ്പിന്നര്‍ സിമോണ്‍ ഹാര്‍മര്‍ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകളാണ്. അതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഇന്ത്യന്‍ ബാറ്റര്‍മാര്‍ ക്വാളിറ്റി സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടുന്നു. കൊല്‍ക്കത്തിയിലും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇത് പ്രകടമായി.

വിദേശപര്യടനമാണെങ്കില്‍, പരിചയസമ്പത്തിന്റെ കുറവും പരിവര്‍ത്തനഘട്ടവും എന്നിങ്ങനെയുള്ള ന്യായീകരണങ്ങള്‍ നിരത്താം. ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരൊഴികെ ഒഴികെ എല്ലാ താരങ്ങളും ഇരുപതിലധികം ടെസ്റ്റുകള്‍ അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ളതാണ്. ജുറലാവട്ടെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി ഫോം തെളിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹോം ടെസ്റ്റ് സീരീസിന് അന്താരാഷ്ട്ര പരിചയത്തിന്റെ കണക്കുകള്‍ എടുക്കേണ്ടതില്ല. ആഭ്യന്തരക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡില്ലാത്ത ഒരു ഇന്ത്യന്‍ താരത്തെപ്പോലും ഈ നിരയില്‍ കാണാന്‍ കഴിയില്ല. ഭാവി ഭദ്രമെന്ന് വിധിയെഴുതപ്പെട്ടവരാണ് ഓപ്പണര്‍മാര്‍ മുതല്‍ 11-ാം നമ്പര്‍ വരെയുള്ളവര്‍.

ഇത്തരം വിക്കറ്റുകളില്‍ ആവശ്യമായിരുന്നത് ഷോട്ട് സെലക്ഷനിലേയും പന്തിന്റെ മൂവ്‌മെന്റിലേയും കൃത്യമായ കണക്കുകൂലുകളായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ആവശ്യമായ വിവേകം കാണിക്കണമായിരുന്നു എന്നൊക്കെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ശക്തിയറിഞ്ഞ് കളിക്കണം, ആക്രമണശൈലിയുള്ളവര്‍ അത് തുടരണം, പ്രതിരോധം തീര്‍ക്കുന്നവര്‍ അതിലൂന്നണം, ഇതിനിടയില്‍ നില്‍ക്കാനായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രമിച്ചതും, വീണതും. പേടിച്ചു കളിക്കുന്നത് പോലെ.

റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനുകള്‍ പലപ്പോഴും തലവേദനാണ്. അതിന് ഗുവാഹത്തിയിലും മാറ്റം വന്നില്ല. യശസ്വി ജയ്‌സ്വാളിന് യാന്‍സന്റെ ഷോര്‍ട്ട് ബോളുകള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. സ്പിന്നിനെതിരെ വിയര്‍ത്ത് ജുറല്‍. ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കിയെന്ന് പറയാം. സുന്ദര്‍ ആവട്ടെ രണ്ട് ഇന്നിംഗ്‌സിലും ഹാര്‍മറുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. നിതീഷ് കുമാര്‍ റെഡ്ഡി എന്തിനാണ് ടീമിലെന്നത് പോലും മനസിലാക്കുന്നില്ല. ഓള്‍റൗണ്ടറായി ടീമില്‍ ഉള്‍പ്പെട്ട താരം രണ്ട് ഇന്നിംഗ്‌സിലും എറിഞ്ഞത് 10 ഓവറുകള്‍ മാത്രം. ഓള്‍ റൗണ്ടര്‍മാര്‍ക്കും ആറ്റാക്കിങ് ശൈലിയുള്ള ബാറ്റര്‍മാര്‍ക്കും ഇടം നല്‍കുമ്പോള്‍ നഷ്ടമാകുന്നത് പ്രോപ്പര്‍ ഡിഫന്‍സീവ് ടെക്ക്നിക്കുള്ള, ചെറുത്തുനില്‍പ്പിനുള്ള മനസാന്നിധ്യമുള്ള ബാറ്റര്‍മാരെയാണ്. ഇംഗ്ലണ്ട് പര്യടനത്തിലേത് ബാറ്റിംഗ് വിക്കറ്റുകളായിരുന്നു, വിന്‍ഡീസ് ഇന്ത്യക്ക് മുന്നില്‍ തുല്യരായ എതിരാളികളുമായിരുന്നില്ല.

ഇന്ത്യന്‍ ബാറ്റിങ് നിരയെടുത്താല്‍ ഒരു സോളിഡ് ഡിഫന്‍സീവ് പ്ലെയറായി കെ എല്‍ രാഹുലിനെ മാത്രമായിരിക്കാം ഒരുപക്ഷേ പരിഗണിക്കാനാകുക. അദ്ദേഹവും ഗുവാഹത്തിയില്‍ നിരാശയായി. ജയ്‌സ്വാള്‍, ഗില്‍, പന്ത്, ജൂറല്‍ തുടങ്ങിയവരുടെയൊന്നും തനതുശൈലി പ്രതിരോധമല്ലെന്ന് കരിയറുകള്‍ വ്യക്തമാക്കുന്നു. മധ്യനിരയില്‍ ഒരു ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോലി ശൈലി പിന്തുടരുന്നവരുണ്ടായിരുന്നെങ്കില്‍ ഗുവാഹത്തി ടെസ്റ്റിന്റെ ഫലം മറ്റൊന്നായേനെ. ഗംഭീറിന് കീഴില്‍ മൂന്നാം നമ്പറില്‍ തന്നെ എത്ര പരീക്ഷണങ്ങളായി.

ഓസ്‌ട്രേലിയയില്‍ ഗില്‍, ദേവദത്ത് പടിക്കല്‍, ഇംഗ്ലണ്ടില്‍ കരുണ്‍ നായകര്‍, സായ് സുദര്‍ശന്‍, വിന്‍ഡീസിനെതിരെയും സായ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാഷിങ്ടണ്‍ സുന്ദര്‍. ഇതില്‍ ഒരുതാരത്തിന് പോലും ലോങ് റണ്‍ കൊടുക്കാന്‍ ഗംഭീറിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ഡൊമിനേറ്റ് ചെയ്തിരുന്ന രവി ശാസ്ത്രി - കോലി യുഗത്തിലോ, അല്ലെങ്കില്‍ രോഹിത് ശര്‍മ - രാഹുല്‍ ദ്രാവിഡ് സമയത്തോ ടെസ്റ്റ് ടീമില്‍ നിരന്തര പരീക്ഷണങ്ങളുണ്ടായിരുന്നില്ല. ഏത് സാഹചര്യത്തേയും അതിജീവിക്കാന്‍ കഴിയുന്ന നിരയെയായിരുന്നു ഇരുവര്‍ക്ക് കീഴിലും കണ്ടത്. എന്നാല്‍, ഇതെല്ലാം തകിടം മറിയുന്നതായാണ് കഴിഞ്ഞ ന്യൂസിലന്‍ഡ് പരമ്പര മുതല്‍ കാണുന്നത്.

2011 മുതല്‍ 2023 വരെ ഹോം സീരീസുകളില്‍ ഇന്ത്യ ആകെ തോല്‍വി അറിഞ്ഞത് അഞ്ച് തവണയായിരുന്നു. എന്നാല്‍, 2024ന് ശേഷം ഇതിനോടകം തന്നെ ഇന്ത്യ അഞ്ച് പരാജയം രുചിച്ചു. ന്യൂസിലന്‍ഡ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതായിരുന്നു ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ സാധ്യതകള്‍ പോയ സൈക്കിളില്‍ ഇല്ലാതാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടം ഇന്ത്യയെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എടുത്തറിയപ്പെട്ടു. ഇനി അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ഈ എട്ട് മാസത്തെ ഇടവേളയില്‍ ഇന്ത്യ പാഠം പഠിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര