
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ റിസര്‍വ് ദിനത്തിലെ കളിയും മഴ മുടക്കിയതോടെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്നലെ 147-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ റിസര്‍വ് ദിനത്തില്‍ തുടക്കത്തില്‍ മഴ കൊണ്ടുപോയെങ്കിലും ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയിരുന്നു. വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സടിച്ചപ്പോള്‍ മറുപടിയായി പാക്കിസ്ഥാന്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ വീണ്ടുമെത്തിയത്.
ഇനി മത്സരം തുടരാനായില്ലെങ്കില്‍ മത്സരത്തിന് ഫലമില്ലാതാവും. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരത്തിന് ഫലമുണ്ടാകണമെങ്കില്‍ കുറഞ്ഞത് 20 ഓവറെങ്കിലും പൂര്‍ത്തിയാക്കണം. പാക് ഇന്നിംഗ്സ് 11 ഓവറെ പൂര്‍ത്തിയായിട്ടുള്ളൂ എന്നതിനാല്‍ ഇനി മത്സരം തുടങ്ങാനായില്ലെങ്കില്‍ ഫലമില്ലാതെ ഉപേക്ഷിക്കും. പോയന്‍റുകള്‍ ഇരു ടീമും തുല്യമായി പങ്കിടും. മഴ മാറി മത്സരം തുടങ്ങാനായാല്‍ ഓവറുകള്‍ വെട്ടിക്കുറക്കാനുള്ള സാധ്യതകകളുണ്ട്.
ഓവറുകള്‍ വെട്ടിക്കുറച്ചാല്‍
മഴ മാറി മത്സരം തുടങ്ങിയാല്‍ നഷ്ടമായ സമയത്തിന് അനുസരിച്ച് ഓവറുകള്‍ വെട്ടിക്കുറക്കും. ഓവറുകള്‍ വെട്ടിക്കുറച്ചാല്‍ 20 ഓവറില്‍ 200 റണ്‍സെന്ന വമ്പന്‍ ലക്ഷ്യമായിരിക്കും പാക്കിസ്ഥാന് മുന്നിലുണ്ടാകുക. 11 ഓവറില്‍ 44 റണ്‍സ് മാത്രമെടുത്തിട്ടുള്ള പാക്കിസ്ഥാന് ശേഷിക്കുന്ന ഒമ്പതോവറില്‍ 156 റണ്‍സടിക്കേണ്ടിവരും. 22 ഓവറായി ചുരുക്കിയാല്‍ 216 റണ്‍സും 24 ഓവറെങ്കില്‍ 230 റണ്‍സും 26 ഓവറെങ്കില്‍ 244 റണ്‍സും പാക്കിസ്ഥാന്‍ അടിച്ചെടുക്കണം.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതാണ് തിരിച്ചടിയായത്. റിസര്‍വ് ദിനത്തില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ഡടമാകാതെ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 50 ഓവറില്‍ 356 റണ്‍സടിച്ചത്. വിക്കറ്റുകള്‍ നഷ്ടമായത് പാക്കിസ്ഥാന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുമ്പോള്‍ തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക