
ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ യുവതാരം സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. സര്‍ഫറാസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇംഗ്ലണ്ടില്‍ തിളങ്ങാനാവില്ലെന്ന മുന്‍വിധിയുടെ പേരിലാണ് അവനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയതെന്നും ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് ഇന്ത്യയെ തൂത്തൂവാരിയ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ 150 റണ്‍സ് നേടി തിളങ്ങിയ സര്‍ഫറാസ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന സര്‍ഫറാസിനെ പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ 90 റണ്‍സടിച്ച സര്‍ഫറാസ് ഇന്ത്യൻ സീനിയര്‍ ടീമുമായുള്ള ഇൻട്രാ സ്ക്വാഡ് മാച്ചിൽ സെഞ്ചുറിയും നേടി.
സര്‍ഫറാസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റില്‍ 90 റണ്‍സടിച്ച സര്‍ഫറാസിനെ അടുത്ത മത്സരത്തില്‍ കളിപ്പിച്ചില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. സര്‍ഫറാസിന്‍റെ ബാറ്റിംഗ് ടെക്നിക്കിലോ കഴിവിലോ വിശ്വാസമില്ലെങ്കില്‍ പിന്നെ അവനെ എന്തിനാണ് എ ടീമിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് അയച്ചത്. എ ടീമിനായി റണ്‍സടിച്ചിട്ടും അവനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ സങ്കടമുണ്ട്. അവന് റണ്ണടിക്കാന്‍ കഴിയുമെന്ന ബോധ്യത്തിലായിരിക്കുമല്ലോ എ ടീമില്‍ ഉള്‍പ്പെടുത്തിയത്.
അങ്ങനെയാണെങ്കില്‍ അവനെ ടെസ്റ്റ് ടീമിലും എടുക്കേണ്ടതല്ലെ. ടെസ്റ്റ് ടീമിലെടുക്കാതിരിക്കാന്‍ അവനെന്ത് തെറ്റാണ് ചെയ്തത്. ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ അവന്‍ സെഞ്ചുറി നേടിയിരുന്നു. പിന്നീട് രണ്ട് കളികളില്‍ പരാജയപ്പെട്ടു. പക്ഷെ ഇന്ത്യൻ ടീമിലെ മറ്റാരും ആ മത്സരങ്ങളില്‍ സ്കോര്‍ ചെയ്തിട്ടില്ല. അവനെ ഓസ്ട്രേലിയയില്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. അവന്‍ ചർച്ചകളില്‍ പോലും ഇല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് ഒരാള്‍ കരുതിയാല്‍ തെറ്റ് പറയാനാകില്ല. അവനെന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് ഉത്തരം.
പക്ഷെ അവനെ പ്ലേയിംഗ് ഇലവനില്‍ എടുക്കുന്നില്ല. അവന്‍ ടീമിന്‍റെ പരിഗണനാ പട്ടികയില്‍ പോലുമില്ല. അത് ശരിക്കും വിഷമിപ്പിക്കുന്നതാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ ചോര്‍ന്നതില്‍ സര്‍ഫറാസ് ഖാന് പങ്കുണ്ടെന്നും അതില്‍ ഗംഭീര്‍ അതൃപ്തനായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയൻ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സര്‍ഫറാസിന് ഐപിഎല്ലിലും ആരും ടീമിലെടുത്തിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയിട്ടും സര്‍ഫറാസിനെ പരിഗണിക്കാത്തതിനെതിരെ മറ്റ് മുന്‍ താരങ്ങളാരും രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക