
ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് നായകനോട് മത്സരം പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ എപ്പോഴാണ് കളി തോറ്റതെന്ന് ചോദിച്ച അവതാരകനെ ഞെട്ടിച്ച് സഞ്ജു സാംസണ്‍. മത്സരം പൂര്‍ത്തിയായയതിന് തൊട്ടു പിന്നാലെയാണ് അവതാരകന്‍ എപ്പോഴാണ് നിങ്ങള്‍ തോറ്റത് എന്ന് ചോദിച്ചത്.
അവസാന പന്തില്‍ എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ശരിക്കും എന്നായിരുന്നു അതുകേട്ട് അവതാരകന്‍ തിരിച്ചു ചോദിച്ചത്. അതെ, അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നു, ബൗണ്ടറി നേടി അവര്‍ ജയിച്ചു എന്ന് സഞ്ജു പറഞ്ഞു. കളി തോറ്റ ഉടനെ എന്തുകൊണ്ട് തോറ്റു അല്ലെങ്കില്‍ എപ്പോള്‍ തോറ്റു എന്ന് ചോദിച്ചാല്‍ ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഉത്തരം പറയുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇപ്പോഴത്തെ വികാരമൊക്കെ ഒന്ന് തണുക്കുമ്പോള്‍ ഒരുപക്ഷെ വിശകലനം ചെയ്ത് ഞാന്‍ ഉത്തരം പറയാമെന്നും അവതാരകനോട് സഞ്ജു പറഞ്ഞു.
നായകനായ അമ്പതാം മത്സരത്തില്‍ പൂണ്ട് വിളയാടി സഞ്ജു; ഇതിഹാസങ്ങളെപ്പോലും പിന്നിലാക്കി റെക്കോര്‍ഡ്
മത്സരം ജയിച്ചതിന് ഗുജറാത്തിന് എല്ലാ ക്രെഡിറ്റും നല്‍കുന്നുവെന്നും ടി20 ക്രിക്കറ്റിന്‍റെ ഭംഗിതന്നെ അതാണെന്നും സഞ്ജു വ്യക്തമാക്കി. ബാറ്റ് ചെയ്യുമ്പോള്‍ 180ന് അടുത്തുള്ള വിജയലക്ഷ്യം ഈ പിച്ചില്‍ വെല്ലുവിളിയാകുമെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ടുതന്നെ 196 റണ്‍സ് വിജയിക്കാവുന്ന സ്കോറാണെന്ന് കരുതി. മഞ്ഞു വീഴ്ച ഇല്ലാത്ത സാഹചര്യത്തില്‍ ഈ സ്കോര്‍ പ്രതിരോധിക്കാന്‍ ഞങ്ങളുടെ ബൗളിംഗ് നിരക്ക് കഴിയേണ്ടതായിരുന്നു. കാരണം, ഇറങ്ങിയപാടെ അടിച്ചു തകര്‍ക്കാൻ കഴിയുന്നൊരു പിച്ച് അല്ല ജയ്പൂരിലേത്. മറ്റൊരു ദിവസമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ സ്കോര്‍ പ്രതിരോധിച്ചേനെ എന്നും സഞ്ജു പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തി. അവസാന നാലോവറില്‍ ജയിക്കാന്‍ 60 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സും. അവസാന പന്ത് ബൗണ്ടറി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!