
മുംബൈ: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം കപ്പുയര്‍ത്തുന്ന ചിത്രം പങ്കുവെച്ച ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകന്‍ ശുഭ്മാൻ ഗില്ലിന്‍റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ആരാധകര്‍. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടീം അംഗങ്ങള്‍ക്കൊപ്പം കപ്പ് ഉയര്‍ത്തുന്ന ഫോട്ടോ ആണ് ഗില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതില്‍ സഞ്ജുവും റിങ്കുവും പിന്നിലായിപ്പോയതിനാല്‍ ഇവരുടെ മുഖം കാണാനില്ല. എല്ലാ താരങ്ങളുടെയും മുഖം വ്യക്തമായി കാണാവുന്ന നിരവധി ചിത്രങ്ങളുണ്ടായിട്ടും ഈ ചിത്രം തന്നെ ഗില്‍ പങ്കുവെച്ചതിനെയാണ് ആരാധകര്‍ കമന്‍റ് ബോക്സില്‍ ചോദ്യം ചെയ്യുന്നത്.
ടി20 ലോകകപ്പിന് തൊട്ടുമുമ്പ് വരെ ടി20 ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായിരുന്നു ഗില്‍. സഞ്ജുവിനെ മാറ്റിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയത്. ഗില്‍ ഓപ്പണറായതോടെ സഞ്ജുവിന് ഏഷ്യാ കപ്പിലടക്കം മധ്യനിരയിലേക്ക് മാറേണ്ടിവന്നു. പിന്നീട് പ്ലേയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഓപ്പണര്‍ സ്ഥാനത്ത് തിളങ്ങാനാവാത്തതിനെ തുടര്‍ന്ന് ലോകകപ്പിന് തൊട്ടു മുമ്പ് വൈസ് ക്യാപ്റ്റനായ ഗില്ലിനെ മാറ്റി ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ടി20 ലോകകപ്പിലും സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കി.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങിയ സഞ്ജുവിന് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായെങ്കിലും സൂപ്പര്‍ 8 മുതല്‍ വീണ്ടും ടീമിലെത്തിയ സഞ്ജു തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ചുറികളുമായി ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചതിനൊപ്പം ലോകകപ്പിന്‍റെ താരവുമായി. ഗില്‍ ബോധപൂര്‍വം ചെയ്തതല്ലെങ്കിലും ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു കൂടി ഉള്‍പ്പെടുന്ന നിരവധി ഫോട്ടോകള്‍ ലഭ്യമായിട്ടും ഗില്‍ ഈ ചിത്രം തന്നെ ഷെയര്‍ ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ ഗില്‍ അത് ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ലെന്നും സഞ്ജു ആ ചിത്രത്തില്‍ പിന്നിലുണ്ടല്ലോ എന്നും ചില ആരാധകര്‍ മറുപടി പറയുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഗില്‍ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ സഞ്ജുവിന്‍റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ആരാധകനിട്ട കമന്‍റിന് മാത്രം 3000 ഓളം ലൈക്കുകളാണ് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!