ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ്! ആരാണ് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിരോധത്തിലാക്കിയ പ്രഫുല്‍ ഹിംഗെ?

Published : Apr 13, 2026, 10:44 PM IST
Prafull hinge

Synopsis

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസര്‍ പ്രഫുല്‍ ഹിംഗെ ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ചരിത്രം കുറിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹിംഗെ ടീമിന് സ്വപ്നതുല്യമായ തുടക്കം നല്‍കി. 

ഹൈദരാബാദ്: ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളില്‍ ഒന്നിലൂടെ വരവറിയിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസര്‍ പ്രഫുല്‍ ഹിംഗെ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ പിഴുത ഹിംഗെ, രാജസ്ഥാന്‍ മുന്‍നിരയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവിട്ടു. വിദര്‍ഭയില്‍ നിന്നുള്ള ഈ 24കാരന്‍ തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ അപകടകാരിയായ യുവതാരം വൈഭവ് സൂര്യവന്‍ഷിയെ (0) പുറത്താക്കി.

തൊട്ടുപിന്നാലെ നാലാം പന്തില്‍ ധ്രുവ് ജുറലിനെയും (0) അവസാന പന്തില്‍ അരങ്ങേറ്റ താരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസിനെയും പുറത്താക്കിയതോടെ രാജസ്ഥാന്‍ ഒരു ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ മൂന്ന് വിക്കറ്റിന് ഒരു റണ്‍ എന്ന നിലയില്‍ തകര്‍ന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുക എന്നത് അപൂര്‍വ്വമായ നേട്ടമാണ്. 2024-ല്‍ ഇതേ വേദിയില്‍ ഇതേ ടീമിനെതിരെ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഹൈദരാബാദിന് ഇതിനുമുമ്പ് പറയാനുണ്ടായിരുന്ന സമാനമായ റെക്കോര്‍ഡ്.

ആഭ്യന്തര ക്രിക്കറ്റിലെ കരുത്ത്

ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് പ്രഫുല്‍ ഹിംഗെ. 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 27 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. വെറും 30 ലക്ഷം രൂപയ്ക്കാണ് 2026 സീസണിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹിംഗെയെ ടീമിലെടുത്തത്. ആദ്യ മത്സരത്തില്‍ തന്നെ തന്റെ മികവ് തെളിയിച്ചതിലൂടെ ടീം മാനേജ്മെന്റിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നേരത്തെ ഇഷാന്‍ കിഷന്റെ (44 പന്തില്‍ 91) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ആറിന് 216 എന്ന മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെന്റിച്ച ക്ലാസന്‍ (26 പന്തില്‍ 40), നിതീഷ് കുമാര്‍ (28), സലിന്‍ അറോറ (24), ട്രാവിസ് ഹെഡ് (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി. അനികേത് വര്‍മയുടെ (6) വിക്കറ്റും ഹൈദരാബാദിന് നഷ്ടമായി. ഹര്‍ഷ് ദുബെ (0) സലിലിനൊപ്പം പുറത്താവാതെ നിന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രഫുലിന് നാല് വിക്കറ്റ്, ആദ്യ ഓവറില്‍ തന്നെ മൂന്ന് പേര്‍ പുറത്ത്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കനത്ത ബാറ്റിംഗ് തകര്‍ച്ച
സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു; ആ മോശം റെക്കോഡ് ഇനി അഭിഷേക് ശര്‍മയുടെ അക്കൗണ്ടില്‍, 2026ല്‍ റണ്ണെടുക്കാതെ പുറത്തായത് ഏഴാം തവണ