
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടെസ്റ്റിനിറങ്ങുകയാണ് ഇന്ത്യ (ENGvIND). കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ജൂലൈ ഒന്ന് മുതലാണ് ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചെങ്കില്‍ മാത്രമെ ഇംഗ്ലണ്ടിന് ഒപ്പമെത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടാവട്ടെ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര 3-0ത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ, ഏറ്റവുമധികം ആശങ്കപ്പെടുന്നത് ഓപ്പണിംഗ് സംബന്ധിച്ചാണ്.
കൊവിഡ് ബാധിച്ച നായകന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കളിക്കാനായില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്തണം ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ (KL Rahul) പരിക്കേറ്റ് ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോയതോടെയാണ് രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലിനെ (Shubman Gill) ഇറക്കാന്‍ തീരുമാനമായത്. രോഹിത്തിന് കൊവിഡ് ബാധിച്ചതോടെ ടീം ലൈനപ്പില്‍ വലിയമാറ്റം വേണ്ട അവസ്ഥയിലാണ് ഇന്ത്യ. രോഹിത്തിന് പകരം മൂന്ന് പേരാണ് പരിഗണനയില്‍. ചേതേശ്വര്‍ പുജാര, കെ.എസ്.ഭരത്, മായങ്ക് അഗര്‍വാള്‍.
മൂന്നാം നമ്പറില്‍ സ്ഥിരമായി കളിക്കുന്ന പുജാര മുന്‍പ് ഓപ്പണിംഗിലും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യുസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഗില്ലിന് പരിക്കേറ്റപ്പോള്‍ പുജാരയായിരുന്നു ഓപ്പണ്‍ ചെയ്തത്. മായങ്ക് അഗര്‍വാളിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിച്ചെങ്കിലും പരിശീലന മത്സരംപോലും കളിക്കാനാകാത്തത് തിരിച്ചടിയാണ്. എങ്കിലും സ്‌പെഷ്യലിസ്റ്റ് ഓപ്പണറെന്ന പരിഗണന മായങ്കിന് കിട്ടിയേക്കും. രണ്ടാംവിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഭരതിനും അവസരത്തിന് സാധ്യതയുണ്ട്.
ലെസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തില്‍ തിളങ്ങിയതാണ് ഭരതിന് നേട്ടമാവുക. ആദ്യ ഇന്നിങ്‌സില്‍ 70ഉം രണ്ടാം ഇന്നിങ്‌സില്‍ 43ഉം റണ്‍സാണ് ബുംറയും പ്രസിദ്ധ് കൃഷ്ണയും സൈനിയുമടങ്ങുന്ന ബൗളിംഗ് നിരയ്‌ക്കെതിരെ ഭരത് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 125 ഇന്നിങ്‌സില്‍ 70 തവണ ടോപ് ഓര്‍ഡറില്‍ കളിച്ച പരിചയവും ഭരതിന് തുണയാകും. മൂന്നാം നമ്പറില്‍ പുജാരയുടെ സ്ഥാനവും ഉറപ്പില്ല. 2 വര്‍ഷത്തിനിടെ അവസാന 20 ടെസ്റ്റുകളില്‍ 26.29 മാത്രമാണ് പുജാരയുടെ ബാറ്റിംഗ് ശരാശരി.
അജയ് ഭായ് സുഖമാണോ? അജയ് ജഡേജയോട് മലയാളത്തില്‍ സംസാരിച്ച് സഞ്ജു- വൈറല്‍ വീഡിയോ കാണാം
ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ഹനുമ വിഹാരിയും അവസരത്തിനായി കാത്തിരിക്കുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ആര്‍ അശ്വിന്‍, ഷാര്‍ദൂല്‍ ഠക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ രണ്ട് പേര്‍ക്കാവും അവസരം. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാകും പേസ് ബൗളിംഗില്‍. മൂന്നാം പേസറായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും.