അവസാന ഓവറില്‍ മനോഹരമായി പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കാണ് മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കാന്‍ സഹായിച്ച്. മത്സരശേഷം ഹാര്‍ദിക്, ഉമ്രാന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തു.

ഡബ്ലിന്‍: ഇന്ത്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ പരമ്പര സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളിലും ടീം ജയിക്കുകയായിരുന്നു. ഇന്നലെ നാല് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത ഇന്ത്യ ദീപക് ഹൂഡ (57 പന്തില്‍ 104), സഞ്ജു സാംസണ്‍ (42 പന്തില്‍ 77) എന്നിവരുടെ കരുത്തില്‍ 225 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി.

അവസാന ഓവറില്‍ മനോഹരമായി പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കാണ് മത്സരഫലം ഇന്ത്യക്ക് അനുകൂലമാക്കാന്‍ സഹായിച്ച്. മത്സരശേഷം ഹാര്‍ദിക്, ഉമ്രാന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തു. ''ഉമ്രാന്‍ കൂടുതല്‍ പേസുണ്ടായിരുന്നു. അവസാന ഓവറില്‍ 18 റണ്‍സ് പ്രതിരോധിക്കാന്‍ ഉമ്രാന്റെ പേസ് ധാരാളമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവനെ അവസാന ഓവറെറിയാന്‍ ഏല്‍പ്പിച്ചത്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷം. അയര്‍ലന്‍ഡ് നന്നായി കളിച്ചു. എന്നാല്‍ എന്റെ ബൗളര്‍മാരെ എനിക്ക് വിശ്വാസമുണ്ടായിരുന്നു.'' ഹാര്‍ദിക് പറഞ്ഞു.

സഞ്ജുവിനെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''കാണികള്‍ എന്നെ അമ്പരപ്പിച്ചു. അവരില്‍ നിന്ന് പിന്തുണയും പ്രചോദനമായി. കാണികളുടെ ഫേവറൈറ്റ്‌സ് ദിനേശ് കാര്‍ത്തികും സഞ്ജുവുമാണെന്ന് തോന്നുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. കുട്ടിക്കാലത്ത് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, അതിനുമപ്പുറത്ത് ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചതില്‍ പ്രത്യേക സന്തോഷമുണ്ട്. ദീപക്, ഉമ്രാന്‍ എന്നിവരുടെ പ്രകടനത്തില്‍ ഏറെ സന്തോഷം.'' ഹാര്‍ദിക് മത്സരശേഷം പറഞ്ഞു.

രണ്ടാം വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഞ്ജു- ഹൂഡ സഖ്യം പടുത്തുയര്‍ത്തിയത്. ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യന്‍ താരങ്ങളുടെ ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ഇരുവരും ഇതോടെ പേരിലാക്കിയിരുന്നു. അയര്‍ലന്‍ഡ് ബൗളര്‍മാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്ജുവും ചേര്‍ത്തത്. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേര്‍ന്ന് ഡബ്ലിനില്‍ കുറിച്ച 176 റണ്‍സ്. 

2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത 165 റണ്‍സിന്റെ റെക്കോര്‍ഡ് പഴങ്കഥയായി.