
ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയാണ് കിരീടം നേടാന്‍ സാധ്യതയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍. ഞായറാഴ്‌ച ഇന്ത്യ-പാക് ആവേശ പോരാട്ടം വരാനിരിക്കേയാണ് വാട്‌സണിന്‍റെ പ്രവചനം.
'ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് എന്‍റെ പ്രവചനം. ഇന്ത്യയെ തോല്‍പിക്കാനുള്ള എല്ലാ കരുത്തുമുണ്ട് ഇപ്പോഴെന്ന് പാകിസ്ഥാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം വളരെ സ്‌പെഷ്യലാവും. ആ മത്സരം ജയിക്കുന്ന ടീം ഏഷ്യാ കപ്പ് നേടാനാണ് സാധ്യത. എങ്കിലും ഇന്ത്യയാണ് ടൂര്‍ണമെന്‍റ് ജയിക്കാന്‍ പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെക്കരുത്ത് ഇന്ത്യക്കുണ്ട്. അതിനാല്‍ ഇന്ത്യയോട് പോരടിക്കുക എളുപ്പമല്ല' എന്നും ഷെയ്‌ന്‍ വാട്‌സണ്‍ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍പോരാട്ടത്തിന് മുമ്പ് പറഞ്ഞു.
ഓഗസ്റ്റ് 28-ാം തിയതിയാണ് ഏഷ്യാ കപ്പില്‍ ആദ്യത്തെ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യമുണ്ടെങ്കില്‍ ഫൈനലിലും ഇരു ടീമുകളും മുഖാമുഖം വരാന്‍ സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനെ വീഴ്‌ത്തി തുടങ്ങാനുള്ള പരിശീലനം ദുബായില്‍ തുടങ്ങിക്കഴിഞ്ഞു രോഹിത് ശര്‍മ്മയും സംഘവും. വിരാട് കോലിയടക്കമുള്ള താരങ്ങള്‍ ടൂര്‍ണമെന്‍റിന് മുന്നോടിയായി ദുബായില്‍ കടുത്ത പരിശീലനത്തിലാണ്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കൊവിഡ് ബാധിതനായി ഇന്ത്യയിലായതിനാല്‍ വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് രോഹിത്തിന്‍റെയും സംഘത്തിന്‍റേയും പരിശീലനം.
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ എട്ടാം കിരീടമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. പാകിസ്ഥാന്‍ രണ്ട് തവണയെ മുമ്പ് ഏഷ്യാ കപ്പ് നേടിയിട്ടുള്ള. ശ്രീലങ്ക അഞ്ച് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും താരതമ്യേന ദുര്‍ബലരാണ് ഇപ്പോള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ട്വന്‍റി20 ലോകകപ്പ് നടക്കും എന്നതിനാല്‍ ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ്. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളും രണ്ടില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്.