ടീം ഇന്ത്യക്ക് അഗ്‌നിപരീക്ഷ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നാളെമുതല്‍

By Web TeamFirst Published Feb 12, 2021, 8:22 AM IST
Highlights

ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും വിരാട് കോലിയെയും സംഘത്തെയും നിഷ്‌പ്രഭരാക്കിയാണ് ജോ റൂട്ടും സംഘവും തകർപ്പൻ ജയം സ്വന്തമാക്കിയത്.

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ചെന്നൈയിൽ തുടക്കമാവും. പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

ഓസ്‌ട്രേലിയയിൽ ഐതിഹാസിക വിജയം നേടിയെത്തിയ ഇന്ത്യക്ക് ചെപ്പോക്കിലെ ആദ്യ ടെസ്റ്റ് കാത്തുവച്ചത് 227 റൺസിന്റെ വമ്പൻ തോൽവിയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും വിരാട് കോലിയെയും സംഘത്തെയും നിഷ്‌പ്രഭരാക്കിയാണ് ജോ റൂട്ടും സംഘവും തകർപ്പൻ ജയം സ്വന്തമാക്കിയത്. അഹമ്മദാബാദിലെ പിങ്ക്ബോൾ ടെസ്റ്റിന് മുൻപ് വിജയവഴിയിലെത്താതെ ടീം ഇന്ത്യക്ക് രക്ഷയില്ല. 

ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്

നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 2-1ന് എങ്കിലും ജയിച്ചാലേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ കഴിയൂ. ഇംഗ്ലണ്ടിനാണെങ്കിൽ 3-0നോ, 3-1നോ പരമ്പര നേടണം. 2-2ന് സമനിലയിൽ അവസാനിച്ചാൽ ഓസ്‌ട്രേലിയയാവും ഫൈനലിൽ ന്യൂസിലൻഡിനെ നേരിടുക. ഇനിയൊരു തോൽവി നേരിട്ടാൽ ഇന്ത്യയുടെ കഥകഴിയും. അശ്വിൻ ഒഴികെയുള്ള സ്‌പിന്നർമാരുടെ പ്രകടനത്തിൽ കോലി നിരാശനാണ്.

ഷഹബാസ് നദീമിന് പകരം പരിക്കിൽ നിന്ന് മോചിതനായ അക്സർ പട്ടേൽ കളിക്കുമെന്നുറപ്പാണ്. വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവോ രാഹുൽ ചഹറോ ടീമിലെത്തും. മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. മുറിവേറ്റ ഇന്ത്യ കൂടുതുൽ അപകടകാരികളാണെന്ന് ജോ റൂട്ടിന് നന്നായി അറിയാം. ഇതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരീക്ഷണങ്ങൾക്ക് മുതിരാനിടയില്ല. 

ചെപ്പോക്കില്‍ ടീം ഇന്ത്യ കീഴ‌ടങ്ങി; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 227 റണ്‍സിന്‍റെ വമ്പന്‍ ജയം

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കാണികൾ ഗാലറിയിലേക്ക് തിരികെ എത്തുന്ന രാജ്യാന്തര മത്സരം കൂടിയാവും രണ്ടാം ടെസ്റ്റ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പകുതി കാണികളേയാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. 

മോശം പ്രകടനത്തിന് രഹാനെയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കോലി

click me!