
മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള(India Tour of Zimbabwe 2022) ഇന്ത്യന്‍ ടീമിനെ ഇന്നലെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയം കെ എല്‍ രാഹുലിന്‍റെ(KL Rahul) അസാന്നിധ്യമായിരുന്നു. ഫെബ്രുവരിക്ക് ശേഷം ഇന്ത്യക്കായി(Indian National Cricket Team) ഒരു മത്സരം പോലും രാഹുല്‍ കളിച്ചിട്ടില്ല. പരിക്കിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ താന്‍ സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് മാറിനില്‍ക്കുന്നതിനെ കുറിച്ച് ആരാധകര്‍ക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് രാഹുലിപ്പോള്‍.
പൂര്‍ണമായും ഫിറ്റ്നസ് വീണ്ടെടുക്കാനാകാത്തതിനാലാണ് സിംബാബ്‍വെക്കെതിരായ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് കെ എൽ രാഹുൽ അറിയിച്ചു. 'എന്‍റെ ആരോഗ്യത്തെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിയിക്കാനുണ്ട്. ജൂണിലെ ശസ്‌ത്രക്രിയ വിജയകരമായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യക്കായിറങ്ങാം എന്ന പ്രതീക്ഷയോടെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ പരിക്ക് ഭേദമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ കൊവിഡ് പിടിപെട്ടു. സ്വാഭാവികമായും തിരിച്ചുവരവ് കുറച്ച് ആഴ്‌ചകള്‍ വൈകി. കഴിയുന്നത്ര വേഗത്തില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ്. കഴിയുന്നത്ര വേഗം സെലക്‌ഷനായി ലഭ്യമായിരിക്കും. രാജ്യത്തിനായി കളിക്കുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുകയാണ്' എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഉടന്‍ കാണാം എന്ന പ്രതീക്ഷ പങ്കിട്ടാണ് കെ എല്‍ രാഹുലിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശനിയാഴ്‌ചയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവർക്ക് വിശ്രമം നൽകി. ശിഖര്‍ ധവാനാണ് സിംബാബ്‌വെയിലും ഇന്ത്യന്‍ നായകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. പരിക്കില്‍ നിന്ന് മുക്‌തരായ പേസര്‍ ദീപക് ചാഹറും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും തിരിച്ചെത്തിയത് ശ്രദ്ധേയം. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോലി ടീമിലില്ല. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിലുള്‍പ്പെടുത്താത്തതോടെ കോലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലെ ഉണ്ടാകൂ എന്ന് ഉറപ്പായി.
സിംബാബ്‌വെക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് മത്സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുക.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.