
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം(WI vs IND 1st ODI) നാളെ നടക്കാനിരിക്കേ ഇന്ത്യന്‍ ടീമിന് നിര്‍ദേശവുമായി മുന്‍താരം വസീം ജാഫര്‍(Wasim Jaffer). റുതുരാജ് ഗെയ്‌ക്‌വാദിനെ(Ruturaj Gaikwad) ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം(Shikhar Dhawan) ഓപ്പണറായി ഇറക്കണം എന്നാണ് ജാഫറിന്‍റെ ആവശ്യം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡ് റുതുരാജ് ഗെയ്‌ക്‌വാദിനുള്ളത് മുന്‍താരം ചൂണ്ടിക്കാണിക്കുന്നു.
'വെസ്റ്റ് ഇന്‍ഡീസിനെതിരെ റുതുരാജ് ഏകദിന അരങ്ങേറ്റം കുറിക്കണം, ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യണം. വിജയ് ഹസാരേ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്‌സില്‍ നാല് സെഞ്ചുറി റുതുരാജ് നേടിയിരുന്നു. അതിനാല്‍ താരം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. റുതുരാജിന് അവസരം നല്‍കിയാല്‍ ഓപ്പണിംഗില്‍ ഇടംകൈ-വലംകൈ സഖ്യം വരികയും ചെയ്യും' എന്നും ജാഫര്‍ പറഞ്ഞു.
64 ലിസ്റ്റ് എ മത്സരങ്ങളില്‍ 54.73 ശരാശരിയിലും 100.09 സ്‌ട്രൈക്ക് റേറ്റിലും 3284 റണ്‍സ് റുതുരാജിന് സ്വന്തമായുണ്ട്. എന്നാല്‍ ടി20 മത്സരങ്ങള്‍ കളിച്ചെങ്കിലും ഏകദിന കുപ്പായത്തില്‍ ഇന്ത്യക്കായി താരം ഇതുവരെ അരങ്ങേറിയിട്ടില്ല. ഐപിഎല്‍ 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടത്തിലെത്തിച്ചത് റുതുരാജിന്‍റെ ബാറ്റിംഗ് മികവായിരുന്നു. 16 മത്സരങ്ങളില്‍ 45.35 ശരാശരിയില്‍ 635 റണ്‍സുമായി അന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെയും കെ എല്‍ രാഹുലിന്‍റേയും അസാന്നിധ്യത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിന് ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയ് ഹസാരേ ട്രോഫിയുടെ 2021-22 സീസണില്‍ അഞ്ച് കളികളില്‍ 150.75 ശരാശരിയിലും 112.92 സ്‌ട്രൈക്ക് റേറ്റിലും 603 റണ്‍സ് താരം അടിച്ചിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നയിക്കുന്നത്.
രോഹിത് ശര്‍മ്മയ്‌ക്ക് പുറമെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരും കരീബിയന്‍ നാട്ടിലെ ഏകദിനങ്ങളില്‍ കളിക്കില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് ഏകദിന മത്സരങ്ങളെല്ലാം. ക്വീന്‍സ് പാര്‍ക്കില്‍ ആദ്യ ഏകദിനം നാളെ(ജൂലൈ 22) നടക്കും. 24നും 27നുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ഇതിന് ശേഷം അഞ്ച് ടി20കളും ടീം ഇന്ത്യ കളിക്കും. ടി20 ടീം നായകസ്ഥാനത്ത് രോഹിത് ശര്‍മ്മ മടങ്ങിയെത്തും. ജൂലൈ 29, ഓഗസ്റ്റ് 1, 2, 6, 7 തിയതികളിലായാണ് ടി20 മത്സരങ്ങള്‍.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഷാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
WI vs IND : ഇന്ത്യന്‍ ടീമിനെ ട്രിനിഡാഡിലെത്തിക്കാന്‍ ബിസിസിഐ വിമാനത്തിന് മുടക്കിയത് മൂന്നരക്കോടി!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!