WI vs IND : രണ്ടാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; സഞ്ജു ഇറങ്ങും, സമ്പൂര്‍ണ വിവരങ്ങള്‍

By Jomit JoseFirst Published Jul 24, 2022, 7:22 AM IST
Highlights

കരീബിയൻ മണ്ണിൽ ഇന്ത്യയുടെ ഭാഗ്യവേദിയായ ക്യൂൻസ് പാർക് ഓവലിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ ശിഖർ ധവാനും സംഘവും ഇറങ്ങുകയാണ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം(WI vs IND 2nd ODI) ഇന്ന് നടക്കും. പോർട്ട് ഓഫ് സ്പെയി‌നിലെ ക്യൂൻസ് പാർക്ക് ഓവലിൽ(Queen's Park Oval) വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യക്ക്(Indian National Cricket Team) ഇന്ന് വിജയിച്ചാല്‍ ഒരു മത്സരം ബാക്കിനില്‍ക്കേ പരമ്പര സ്വന്തമാക്കാം.

പരമ്പര കൊതിച്ച് ഇന്ത്യ  

കരീബിയൻ മണ്ണിൽ ഇന്ത്യയുടെ ഭാഗ്യവേദിയായ ക്യൂൻസ് പാർക് ഓവലിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ ശിഖർ ധവാനും സംഘവും ഇറങ്ങുകയാണ്. തുടർതോൽവികളിൽ നിന്ന് കരകയറി പ്രതീക്ഷ നിലനിർത്താൻ നിക്കോളാസ് പുരാന്‍റെ വിൻഡീസ് തയ്യാറെടുക്കുന്നു. ക്യാപ്റ്റൻ ധവാൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ആദ്യ കളിയിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. സൂര്യകുമാർ യാദവും സഞ്ജു സാംസണും ദീപക് ഹൂ‍ഡയും ഉൾപ്പെട്ട മധ്യനിര കൂടി അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് ക‍ൃഷ്‌ണ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് നിര. പരിക്കേറ്റ രവീന്ദ്ര ജഡേജ ഇന്നും കളിക്കില്ലെന്ന് ഉറപ്പാണ്. 

ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ഔട്ട്ഫീല്‍ഡിന് നല്ല വേഗമുണ്ട് എന്നത് ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഘടകമാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏഴും വിന്‍ഡീസിന്‍റെ ആറും വിക്കറ്റുകളാണ് ഇവിടെ വീണത്. ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 218 ആണ്. രണ്ടാം ഇന്നിംഗ്‌സിലേത് 179 ഉം. 2007ല്‍ ബര്‍മുഡയ്‌ക്കെതിരെ ഇന്ത്യ 413 റണ്‍സടിച്ചത് ഇതേ വേദിയിലാണ്. ഇതാണ് ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ഉയര്‍ന്ന ടീം ടോട്ടലും. കുറഞ്ഞ സ്‌കോറിന്‍റെ റെക്കോര്‍‍ഡ് കാനഡയുടെ പേരിലാണ്. സിംബാബ്‌വേക്കെതിരെ 2006ല്‍ കാനഡ 75 റണ്‍സില്‍ പുറത്തായതാണ് ഇവിടുള്ള കുറഞ്ഞ സ്‌കോര്‍. 

ഇന്ത്യക്ക് ഭാഗ്യവേദി 

പാകിസ്ഥാനോടും ബംഗ്ലാദേശിനോടും തുടർച്ചയായ ആറ് ഏകദിനത്തിൽ തോറ്റ വിൻഡീസ് ഇന്ത്യക്കെതിരെ 300 റൺസിലേറെ നേടിയെന്ന ആശ്വാസത്തിലാണ്. ബാറ്റർമാരുടെ പ്രകടനം തന്നെയാവും ഇന്നും വിൻഡീസിന് നിർണായകമാവുക. ക്യൂൻസ് പാർക്ക് ഓവലിൽ പന്ത്രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ ജയിച്ചു. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള രണ്ടാമത്തെ വേദിയും ഇതുതന്നെ. 

WI vs IND 2nd ODI : രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് വിരുന്ന്! ആരാധകരെ കാത്തിരിക്കുന്നത് റണ്‍മഴ?

click me!