ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ഔട്ട്ഫീല്‍ഡിന് നല്ല വേഗമുണ്ട് എന്നതും ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഘടകമാണ്

ക്വീന്‍സ് പാര്‍ക്ക് ഓവല്‍: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ രണ്ടാം ഏകദിനം(WI vs IND 2nd ODI) ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നാകാന്‍ സാധ്യത. ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചിലാണ് മത്സരം അരങ്ങേറുക. ആദ്യ ഏകദിനത്തില്‍ ഇരു ടീമുകളും 300ലധികം റണ്‍സ് നേടിയ ക്യൂന്‍സ് പാര്‍ക്ക് ഓവല്‍(Queen's Park Oval) തന്നെയാണ് രണ്ടാം മത്സരത്തിന്‍റേയും വേദി. ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ഔട്ട്ഫീല്‍ഡിന് നല്ല വേഗമുണ്ട് എന്നതും ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഘടകമാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ഏഴും വിന്‍ഡീസിന്‍റെ ആറും വിക്കറ്റുകളാണ് ഇവിടെ വീണത്. 

ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 218 ആണ്. രണ്ടാം ഇന്നിംഗ്‌സിലേത് 179 ഉം. 2007ല്‍ ബര്‍മുഡയ്‌ക്കെതിരെ ഇന്ത്യ 413 റണ്‍സടിച്ചത് ഇതേ വേദിയിലാണ്. ഇതാണ് ക്യൂന്‍സ് പാര്‍ക്ക് ഓവലിലെ ഉയര്‍ന്ന ടീം ടോട്ടലും. കുറഞ്ഞ സ്‌കോറിന്‍റെ റെക്കോര്‍‍ഡ് കാനഡയുടെ പേരിലാണ്. സിംബാബ്‌വേക്കെതിരെ 2006ല്‍ കാനഡ 75 റണ്‍സില്‍ പുറത്തായതാണ് ഇവിടുള്ള കുറഞ്ഞ സ്‌കോര്‍. 

വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങും. പോർട്ട് ഓഫ് സ്പെയ്‌നിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വൈകിട്ട് ഏഴിനാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ ഏകദിനം മൂന്ന് റണ്‍സിന് വിജയിച്ച ഇന്ത്യക്ക് നാളെ ജയിച്ചാല്‍ ഒരു മത്സരം അവശേഷിക്കേ പരമ്പര സ്വന്തമാക്കാം. നായകനും ഓപ്പണറുമായ ശിഖര്‍ ധവാന്‍റെ ഫോമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ബൗളിംഗില്‍ മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചാഹലും താളം കണ്ടെത്തുന്നതും ആശ്വാസം. അതേസമയം ശക്തമായ തിരിച്ചുവരവാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. കൊവിഡ് ബാധിതനായ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ കളിക്കാത്തത് കരീബിയന്‍ പടയ്‌ക്ക് തിരിച്ചടിയാവും.

ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍റെയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും മൂന്നാമന്‍ ശ്രേയസ് അയ്യരുടേയും ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മൂവരും വീണ്ടും കരുത്താര്‍ജിച്ചാല്‍ ഇന്ത്യക്ക് ആശങ്കകള്‍ കുറയും. ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ 350ല്‍ കുറഞ്ഞൊരു ലക്ഷ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുണ്ടാവില്ല. ആദ്യ ഏകദിനത്തിലെ വിന്‍ഡീസ് ചേസിംഗ് തന്നെ ഇതിന് കാരണം. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണും തിളങ്ങാനായില്ലെങ്കിലും സ്ഥാനച്ചലനത്തിന് സാധ്യതയില്ല. പിന്നാലെ ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും അണിനിരക്കുന്ന ബാറ്റിംഗ് ലൈപ്പ് ഇന്ത്യ തുടര്‍ന്നേക്കും. എന്നാല്‍ ബൗളിംഗില്‍ നിര്‍ണായക മാറ്റത്തിന് സാധ്യതയുണ്ട്. 

ആദ്യ ഏകദിനത്തില്‍ തിളങ്ങിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍മാരായ മുഹമ്മദ് സിറാജും ഷര്‍ദുല്‍ ഠാക്കൂറും സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പ്. മൂവരും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയിരുന്നു. എന്നാല്‍ അടിവാങ്ങിക്കൂട്ടിയ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം ആവേശ് ഖാനോ അര്‍ഷ്‌ദീപ് സിംഗിനോ ഇന്ത്യ അവസരം നല്‍കും. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് വിക്കറ്റൊന്നും നേടിയിരുന്നില്ല. സിറാജിന്‍റെയും ചാഹലിന്‍റേയും പ്രകടനം രണ്ടാം ഏകദിനത്തിലും നിര്‍ണായകമാകും. 

WI vs IND : സഞ്ജു തുടരും, ബൗളിംഗില്‍ മാറ്റമുറപ്പ്; രണ്ടാം ഏകദിനത്തിലെ സാധ്യതാ ഇലവന്‍