
വാര്‍ണര്‍ പാര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടി20യില്‍(WI vs IND 2nd T20I) ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നായകന്‍ രോഹിത് ശര്‍മ്മ(Rohit Sharma) നേരിടുന്നത്. ഭുവനേശ്വര്‍ കുമാറിനെ(Bhuvneshwar Kumar) പോലൊരു പരിചയസമ്പന്നനായ ഡെത്ത് ഓവര്‍ ബൗളര്‍ ടീമിലുള്ളപ്പോള്‍ എന്തിന് അവസാന ഓവറില്‍ ആവേശ് ഖാനെ(Avesh Khan) പന്തേല്‍പിച്ച് തല്ല് വാങ്ങിക്കൂട്ടി എന്നാണ് രോഹിത്തിനെതിരായ വിമര്‍ശനം. ഇതിനെ നേരിടുന്ന മറുപടിയുമായി മത്സര ശേഷം ഹിറ്റ്‌മാന്‍ രംഗത്തെത്തി.
നാടകീയം അവസാന ഓവര്‍, വിമര്‍ശനം രോഹിത്തിന്
അവസാന രണ്ട് ഓവറില്‍ 16 റണ്‍സ് മാത്രമായിരുന്നു കൂറ്റനടിക്കാര്‍ നിറഞ്ഞ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ രോഹിത് പന്തേല്‍പിച്ച അര്‍ഷ്‌ദീപ് സിംഗ് വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം ആവേശമാക്കി. ഈ ഓവറില്‍ റോവ്‌മാന്‍ പവലിനെ അര്‍ഷ്‌ദീപ് പുറത്താക്കുകയും ചെയ്തു. ഇതോടെ വിന്‍ഡീസിന് അവസാന ഓവറിലെ ലക്ഷ്യം 10 റണ്‍സ്. രണ്ട് ഓവര്‍ ക്വാട്ട ബാക്കിയുണ്ടായിരുന്ന ഭുവിയെ രോഹിത് വിളിക്കും എന്നായിരുന്നു ഏവരും കരുതിയത്. ഫൈനല്‍ ഓവര്‍ എറിയാനെത്തിയത് ആവേശ് ഖാനും. എന്നാൽ ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേശ് ഫ്രീഹിറ്റ് പന്തിൽ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ 19.2 ഓവറില്‍ വിൻഡീസ് സമ്മർദ്ദമില്ലാതെ ലക്ഷ്യത്തിലെത്തി.
ഇതോടെയാണ് രോഹിത് ശര്‍മ്മയുടെ തന്ത്രങ്ങള്‍ വിമര്‍ശനത്തിന് ഇരയായത്. ഇതിനോട് ഹിറ്റ്‌മാന്‍റെ പ്രതികരണം അമ്പരപ്പിക്കുന്നതായി. 'ഭുവി ടീമിനായി എന്ത് ചെയ്യുമെന്ന് നമുക്കറിയാം. വര്‍ഷങ്ങളായി ഭുവനേശ്വര്‍ അത് ചെയ്യുന്നുണ്ട്. അവസരം നല്‍കാതെ അര്‍ഷ്‌ദീപ് സിംഗും ആവേശ് ഖാനും ഡെത്ത് ഓവറില്‍ എങ്ങനെ പന്തെറിയും എന്ന് നമുക്കറിയില്ല. ഇതൊരു മത്സരം മാത്രമാണ്. കഴിവുള്ള ഇരുവരേയും പിന്തുണയ്‌ക്കുന്നു. ടീമിനെയും ബൗളര്‍മാരെയും ഓര്‍ത്ത് അഭിമാനിക്കുന്നു. 13-14 ഓവറില്‍ വിന്‍ഡീസ് നേടേണ്ട ടാര്‍ഗറ്റായിരുന്നു, അത് നമ്മള്‍ അവസാന ഓവര്‍ വരെ എത്തിച്ചു. അതിനാല്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും' രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
വിസ്‌മയം മക്കോയി
രണ്ടാം ടി20 അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. സ്കോർ: ഇന്ത്യ- 19.4 ഓവറിൽ 138. വിൻഡീസ്- 19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിംഗ്‌സ് നിർണായകമായി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. തന്‍റെ അവസാന പന്തിലാണ് മക്കോയി ആറ് വിക്കറ്റ് തികച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായി. ഇന്ത്യ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ്(11), ശ്രേയസ് അയ്യർ(10), ദിനേഷ് കാർത്തിക്(7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി മക്കോയിയുടെ ആറിന് പുറമെ ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫ്, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.
WI vs IND : ആറ് വിക്കറ്റ് കൊണ്ടൊരു ആറാട്ട്; ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി