ലോകകപ്പിനുശേഷം രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ധോണി എത്തുമോ ?

Published : Sep 08, 2021, 11:05 PM IST
ലോകകപ്പിനുശേഷം രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ധോണി എത്തുമോ ?

Synopsis

ധോണിയെ മെന്‍ററാക്കുന്ന കാര്യം ബിസിസിഐയിലും ക്യാപ്റ്റന്‍ വിരാട് കോലിയെയും കോച്ച് രവി ശാസ്ത്രിയെയും അറിയിച്ചപ്പോഴും എല്ലാവരും ഒരേസ്വരത്തില്‍ പിന്തുണച്ചുവെന്നും ജയ് ഷാ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി എം എസ് ധോണി നിയമിതനായതോടെ ക്രിക്കറ്റ് ലോകം ചൂടേറിയ ചര്‍ച്ചയിലാണ്. ലോകകപ്പിനുശേഷം ഇന്ത്യന്‍ പരിശീലകനായി ധോണി എത്തുമോ എന്നതാണ് പ്രധാന ചര്‍ച്ച. ലോകകപ്പിനുശേഷം നിലവിലെ പരിശീലകനായ രവി ശാസ്ത്രിയും സംഘവും സ്ഥാനമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് ധോണി എത്തുമോ എന്നാണ് ആരാധകരുടെ പ്രധാന ആകാംക്ഷ.

എന്നാല്‍ ആരാധകരുടെ ആകാംക്ഷക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ തല്‍ക്കാലം വിരാമമിട്ടിട്ടുണ്ട്. ധോണിയെ മെന്‍ററാക്കുന്ന കാര്യം അവതരിപ്പിച്ചപ്പോള്‍ ലോകകപ്പിന് മാത്രമായി ചുമലതലയേറ്റെടുക്കാമെന്നാണ് ധോണി സമ്മതിച്ചതെന്ന്  ജയ് ഷാ പറഞ്ഞു. ധോണിയോട് ദുബായില്‍വെച്ച് ലോകകപ്പ് ടീമിന്‍റെ മെന്‍ററാകുന്ന കാര്യം സംസാരിച്ചിരുന്നു. ലോകകപ്പിലേക്ക് മാത്രമായി ചുമതലയേറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.

ധോണിയെ മെന്‍ററാക്കുന്ന കാര്യം ബിസിസിഐയിലും ക്യാപ്റ്റന്‍ വിരാട് കോലിയെയും കോച്ച് രവി ശാസ്ത്രിയെയും അറിയിച്ചപ്പോഴും എല്ലാവരും ഒരേസ്വരത്തില്‍ പിന്തുണച്ചുവെന്നും ജയ് ഷാ പറഞ്ഞു. എന്നാല്‍ ലോകകപ്പിനുശേഷം ടീം ഇന്ത്യയുടെ പരിശീലന സ്ഥാനത്തേക്ക് ധോണി നിര്‍ദേശിക്കാനുള്ള സാധ്യതകള്‍ കൂടിയാണ് പുതിയ മെന്‍റര്‍ സ്ഥാനം തുറന്നിടുന്നത് എന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. ധോണി അതിന് തയാറാവുമോ എന്നത് മാത്രമാണ് ചോദ്യം.

ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നപ്പോള്‍ ഇന്ത്യയുടെ മറ്റൊരു ടീം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കളിച്ചിരുന്നു. അണ്ടര്‍ 19, എട ടീമുകളുടെ പരിശീലകനായിരുന്ന രാഹുര്‍ ദ്രാവിഡിനെയാണ് ബിസിസിഐ അന്ന് പരിശീലക ചുമതല ഏല്‍പ്പിച്ചത്. രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡിനെയും ബിസിസിഐ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

എന്തായാലും ലോകകപ്പ് ടീമിന്‍റെ മെന്‍ററായി ധോണി എത്തുന്നതോടെ വീണ്ടും കോലി-ധോണി കൂട്ടുകെട്ടിന് കൂടിയാണ് ആരാധകര്‍ സാക്ഷ്യവഹിക്കാന്‍ പോകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്