ഷെഡ്യൂളിൽ മാറ്റമില്ല; ധരംശാലയിലെ മത്സരങ്ങൾ മറ്റ് വേദികളിലേയ്ക്ക് മാറ്റില്ലെന്ന് ഐപിഎൽ ചെയര്‍മാൻ

Published : May 08, 2025, 02:12 PM IST
ഷെഡ്യൂളിൽ മാറ്റമില്ല; ധരംശാലയിലെ മത്സരങ്ങൾ മറ്റ് വേദികളിലേയ്ക്ക് മാറ്റില്ലെന്ന് ഐപിഎൽ ചെയര്‍മാൻ

Synopsis

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ധരംശാല സ്റ്റേഡിയം. 

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ  ഇന്ത്യയിലെ വിവിധ  വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതിലൊന്നാണ് ധരംശാലയിലെ വിമാനത്താവളം. ധരംശാല വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് ഐപിഎൽ മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പ‌ഞ്ചാബ് കിംഗ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധരംശാലയിലേയ്ക്ക് മറ്റ് ടീമുകൾക്ക് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

രണ്ട് മത്സരങ്ങളാണ് ഇനി ധരംശാലയിൽ നടക്കാനുള്ളത്. പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെയും മുംബൈ ഇന്ത്യൻസിന്റെയും മത്സരങ്ങൾക്ക് ധരംശാലയാണ് വേദിയാകുക. ഇന്ന് ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നേരത്തെ നിശ്ചയിച്ചത് പ്രകാരം ധരംശാലയിൽ തന്നെ നടക്കുമെന്നാണ് അറിയിപ്പ്. എന്നാൽ, മെയ് 11 ബുധനാഴ്ച മുംബൈ ഇന്ത്യൻസ് ധരംശാലയിലേയ്ക്ക് എത്തുകയും മത്സരത്തിന് ശേഷം വ്യാഴാഴ്ച തിരിച്ച് പോകേണ്ടതുമാണ്. നിയന്ത്രണങ്ങൾ കാരണം മുംബൈ ടീം ധരംശാലയിലേയ്ക്കുള്ള യാത്ര താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. തുടർനടപടികളെക്കുറിച്ച് ബിസിസിഐയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് മുംബൈ ഫ്രാഞ്ചൈസി.

അതേസമയം, ധരംശാലയിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾ അവിടെ തന്നെ നടക്കുമെന്നും ടീമുകൾ വേദിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബദൽ ക്രമീകരണങ്ങൾ തേടുമെന്നും ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. ലോജിസ്റ്റിക്സ് പ്രശ്നങ്ങളാണ് മുന്നിലുള്ളത്. മത്സരം മാറ്റുന്ന കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും തീരുമാനമെന്നും ഈ സാഹചര്യത്തിൽ ഡൽഹി, മുംബൈ ടീമുകൾക്ക് ധരംശാലയിലെത്താൻ ബദൽ സംവിധാനം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ചെ 1.05ന് പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന്, മുൻകരുതൽ നടപടികളുടെ ഭാഗമായി ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ചണ്ഡീഗഢ്, ജോധ്പൂർ, ബിക്കാനീർ, ഗ്വാളിയോർ, രാജ്കോട്ട്, ഭുജ്, ജാംനഗർ, ധർമ്മശാല, ബതിന്ദ, ഷിംല, ഹിൻഡൺ, കിഷൻഗഡ്, കാണ്ട്ല എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ സർവീസ് താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം