സഞ്ജുവിന് അവസരം ഉണ്ടാകുമോ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

By Gopalakrishnan CFirst Published Jul 22, 2022, 12:39 PM IST
Highlights

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും തന്നെ ഇറങ്ങാനാണ് സാധ്യത. ഓപ്പണിംഗിൽ ഒരു വലംകൈ ബാറ്റർ വേണമെങ്കിൽ റുതുരാജ് ഗെയ്ഗ്‍വാദ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് അവസരം വന്നേക്കും. റുതുരാജ് അന്താരാഷ്‍ട്ര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല.

സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങുമ്പോള്‍ മലയാളികള്‍ ഉറ്റുനോക്കുന്നത് സ‌ഞ്ജു സാംസണ് ടീമിലിടം ലഭിക്കുമോ എന്നതാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സഞ്ജുവിന് അവസരം ലഭിക്കേണ്ടതാണെങ്കിലും ആദ്യ മത്സരത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യത കുറവാണ്. ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും തന്നെ ഇറങ്ങാനാണ് സാധ്യത. ഓപ്പണിംഗിൽ ഒരു വലംകൈ ബാറ്റർ വേണമെങ്കിൽ റുതുരാജ് ഗെയ്ഗ്‍വാദ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് അവസരം വന്നേക്കും. റുതുരാജ് അന്താരാഷ്‍ട്ര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല.

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 36കാരനായ ധവാനെ ടി20 ടീമിലേക്ക് ഇനി പരിഗണിക്കില്ല. ഈ സാഹചര്യത്തില്‍ ഏകദിനങ്ങളില്‍ മാത്രമാകും ഇനി ധവാന്‍ കളിക്കുക. ധവാനൊപ്പം ഇറങ്ങുന്ന ഇഷാന്‍ കിഷന്‍ സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നു. ഇതുവരെ മൂന്ന് ഏകദിനങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള ധവാന്‍ 88 റണ്‍സാണ് ആകെ നേടിയത്.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെത്തും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നാലാം നമ്പറിലെത്തി സെഞ്ചുറി നേടിയ സൂര്യകുമാറിന്‍റ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷയാണ്. ദീപക് ഹൂഡ, പരിക്ക് മാറിയാല്‍ രവീന്ദ്ര ജഡേജ എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന ഷര്‍ദ്ദുല്‍ ഠാക്കൂറിനും ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചേക്കും. പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, മുമ്മദ് സിറാജ്, എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ തിളങ്ങിയ അര്‍ഷദീപ് സിംഗും എത്തും.യുസ്‌വേന്ദ്ര ചാഹല്‍ ഏക സ്പിന്നറായി കളിച്ചേക്കും.

സഞ്ജുവിന്‍റെ സാധ്യതകള്‍

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന്‍ ടീമിലുള്ളതിനാല്‍ ആദ്യ മത്സരങ്ങളില്‍ കിഷന് തന്നെയായിരിക്കും അവസരം ലഭിക്കുക. ഓപ്പണറായി പരിഗണിക്കുകയാണെങ്കില്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം റുതുരാജ് ഗെയ്ക്‌വാദിന് ലഭിക്കും. കിഷനോ ശ്രേയസോ  നിറം മങ്ങിയാല്‍ മധ്യനിരയില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: India: Shikhar Dhawan (C), Ruturaj Gaikwad, Shubman Gill, Suryakumar Yadav, Shreyas Iyer, Deepak Hooda, Ravindra Jadeja, Axar Patel, Ishan Kishan, Sanju Samson, Shardul Thakur, Yuzvendra Chahal, Avesh Khan, Prasidh Krishna, Mohammed Siraj, Arshdeep Sing.

click me!