
തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്.മൂന്ന് മത്സരങ്ങളാണ് ഇന്നുള്ളത്.ഹൈദരാബാദിൽനടക്കുന്ന മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലൻഡ് പാകിസ്ഥാനേയും,ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനേയും നേരിടും. നാളെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.
സന്നാഹ മത്സരങ്ങള്‍ക്ക് പലപ്പോഴും യഥാര്‍ത്ഥ മത്സരത്തിന്‍റെ ചൂടും ചൂരും ഉണ്ടാവില്ലെങ്കിലും പലപ്പോഴും വമ്പന്‍ വിജയങ്ങളും റെക്കോര്‍ഡുകളുമെല്ലാം ഈ മത്സരങ്ങളില്‍ പിറക്കാറുണ്ട്. എന്നാല്‍ സന്നാഹ മത്സരങ്ങളിലെ വിജയമോ പരാജയമോ പിറക്കുന്ന റെക്കോര്‍ഡുകളോ എല്ലാം അല്‍പായുസാണെന്നാണ് ഐസിസി പറയുന്നത്. കാരണം ഇവയൊരിക്കലും ഔദ്യോഗിക കണക്കുകളായി രേഖപ്പെടുത്തുകയോ മത്സര ഫലങ്ങളോ സന്നാഹ മത്സരങ്ങളില്‍ നേടുന്ന റണ്ണുകളോ വിക്കറ്റുകളെ കളിക്കാരന്‍റെ വ്യക്തിഗത റെക്കോര്‍ഡിനൊപ്പം ചേര്‍ക്കുകയോ ചെയ്യില്ല.
പിന്നെ എന്തിനാണ് സന്നാഹം
പിന്നെ എന്തിനാണ് സന്നാഹ മത്സരങ്ങള്‍ എന്ന് ചോദിച്ചാല്‍ ഒരു പ്രധാന ടൂര്‍ണമെന്‍റിന് മുമ്പ് ആതിഥേയ രാജ്യത്തെ സാഹചര്യങ്ങളുമായി സന്ദര്‍ശക ടീമുകള്‍ക്ക് പൊരുത്തപ്പെടാനും ടീം കോംബിനേഷനുകള്‍ തിരുമാനിക്കാനും തന്ത്രങ്ങള്‍ മൂര്‍ച്ച കൂട്ടാനുമുള്ള വേദിയായാണ് സന്നാഹ മത്സരങ്ങളെ ടീമുകള്‍ കണക്കാക്കുക. റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തില്ലെന്നത് കൊണ്ടു തന്നെ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ഒരു ടീമില്‍ എത്ര ബാറ്റര്‍മാരെ വേണെമങ്കിലും ഇറക്കാനും ബൗള്‍ ചെയ്യുമ്പോള്‍ എത്ര ബൗളര്‍മാരെ വേണമെങ്കിലും ഉപയോഗിക്കാനും ക്യാപ്റ്റന്‍മാര്‍ക്കാവും. അതുപോലെ ഫീല്‍ഡിംഗിന് 15 അംഗ ടീമിലെ ആരെ വേണമെങ്കിലും പകരക്കാരായി ഗ്രൗണ്ടിലിറക്കാനുമാവും.
പ്ലേയിംഗ് ഇലവനിലെ സ്ഥാനം ത്രിശങ്കുവിലായ കളിക്കാര്‍ക്ക് സന്നാഹ മത്സരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാനുള്ള സുവര്‍ണാവസരമാണ്.ഇവര്‍ക്ക് സന്നാഹ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാനാവുമെന്നതാണ് മറ്റൊരു നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക