ലോകകപ്പിന്‍റെ ഭാഗമായി മൈക്രോഫോണിന് മുന്നിലിരുന്ന് കളി പറയാനെത്തിയ കാംപ്‌ബെലിനോട്‍  പിച്ചിലിറങ്ങാന്‍ സിംബാബ്‌വെ ക്രിക്കറ്റ് യൂണിയന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു

തിരുവനന്തപുരം: ക്ഷീത മുഹൂര്‍ത്തങ്ങളുടെ വേദിയാണ് ലോകകപ്പ് ക്രിക്കറ്റ്.വന്‍താരങ്ങള്‍ നിര്‍ഭാഗ്യത്തിന്‍റെ പിച്ചില്‍ തീരാവേദനയായി മാറുന്നതിനും അപ്രസക്ത താരങ്ങള്‍ ഒരു കളി കൊണ്ട് വീരന്‍‌മാരാകുന്നതിനും ലോകകപ്പ് സാക്ഷിയാകാറുണ്ട്.ഇന്ത്യയുടെ അക്സര്‍ പട്ടേലിനെയും പാക്കിസ്ഥാന്‍റെ നസീം ഷായെയും പോലെ പോലെ ലോകകപ്പ് ടീമിലെത്തിയിട്ടും പരിക്കുമൂലം അവസാന മണിക്കൂറില്‍ ടീമില്‍ നിന്ന് പുറത്താവേണ്ടിവന്ന നിര്‍ഭാഗ്യവാന്‍മാരും നിരവധിയുണ്ട്.

എന്നാല്‍ സിംബാബ്‌വെ താരമായിരുന്ന അലിസ്റ്റര്‍ കാംപ്‌ബെല്‍ ശ്രദ്ധേയനായത് ഇതുകൊണ്ടൊന്നുമല്ല. കമന്‍ററി പറയാനായാണ് സിംബാബ്‌വെയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കാംപ്‌ബെല്‍ 2003 ലോകകപ്പിനെത്തിയത്. എന്നാല്‍ ‘വിധി‘ അദ്ദേഹത്തെ പിച്ചിലിറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ലോകകപ്പ് ടീമില്‍ ഇടം കിട്ടാത്തതിനാലാണ് സിംബാബ്‌വെയുടെ ഇടംകയ്യന്‍ ബാറ്റ്സ്മാനായ കാംപ്‌ബെല്‍ കമന്‍റേറ്ററാകാന്‍ തീരുമാനിച്ചത്.

എന്നാല്‍ ലോകകപ്പിന്‍റെ ഭാഗമായി മൈക്രോഫോണിന് മുന്നിലിരുന്ന് കളി പറയാനെത്തിയ കാംപ്‌ബെലിനോട്‍ പിച്ചിലിറങ്ങാന്‍ സിംബാബ്‌വെ ക്രിക്കറ്റ് യൂണിയന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.പരിക്ക് അലട്ടിയിരുന്ന സിംബാബ്‌വെയ്ക്ക് സൂപ്പര്‍ 8 മത്സരങ്ങള്‍ കളിക്കാന്‍ ഒരു താരത്തെ ഉള്‍പ്പെടുത്തിയേ മതിയാകുമായിരുന്നുള്ളൂ.

'ക്ലാസ് എന്നൊക്കെ പറഞ്ഞാൽ അതാണ്'; കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത്

പരിശീലനത്തിനിടെ തലയില്‍ പരുക്കേറ്റ മാര്‍ക്ക് വെര്‍‌മൂലന് പകരക്കാരന്‍ ആകാനാണ് കാംപ്‌ബെലിനോട് അധികൃതര്‍ ആവശ്യപ്പെട്ടത്. സിംബാബ്‌വെയിലെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ലീഗ് റൗണ്ടില്‍ ഇംഗ്ലണ്ട് സിംബാബ്‌വെയില്‍ കളിക്കാന്‍ വിസമതിച്ചതോടെയാണ് ടീം സൂപ്പര്‍ 8 ല്‍ എത്തിയത്. കെനിയക്കെതിരായ മത്സരത്തില്‍ കാംപ്‌ബെല്‍ കളിച്ചെങ്കിലും ഏഴ് റണ്ണെടുത്ത് പുറത്തായി.

കമന്‍റേറ്ററാകാനെത്തിയതിനാല്‍ ക്രിക്കറ്റ് കിറ്റൊന്നും ഇല്ലാതെ ദക്ഷിണാഫ്രിക്കയിലത്തെയ കാംപ്‌ബെല്ലിന്‍റെ ക്രിക്കറ്റ് കിറ്റ് പിന്നീട് ഹരാരേയില്‍ നിന്ന് ഭാര്യ അയച്ചുകൊടുക്കുകയായിരുന്നു.ആ ലോകകപ്പോടെ കാംപ്‌ബെല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പിന്നീട് സിംബാബ്‌വെയുടെ ക്രിക്കറ്റ് സെലക്ഷന്‍ ചെയര്‍മാനായും കാംപ്‌ബെല്‍ പ്രവര്‍ത്തിച്ചു.

സൂര്യകുമാറില്ല; ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഗവാസ്കറും പത്താനും

കമന്‍ററി പറഞ്ഞശേഷം രാജ്യത്തിനായി ലോകകപ്പില്‍ കളിച്ചത് കാംപ്‌ബെല്‍ മാത്രമല്ല, ഇന്ത്യയുടെ ദിനേശ് കാര്‍ത്തിക് കമന്‍റേറ്ററായശേഷം കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കാര്‍ത്തിക്കിനെ ലോകകകപ്പ് ടീമിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക