'ക്ലാസ് എന്നൊക്കെ പറഞ്ഞാൽ അതാണ്'; കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറെക്കുറിച്ച് തുറന്നു പറഞ്ഞ് രോഹിത്
സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ വെല്ലുവിളിയായ ബൗളറെക്കുറിച്ചും ഏറ്റവും മികച്ച കവര്‍ ഡ്രൈവ് കളിക്കുന്ന താരത്തെക്കുറിച്ചും ഇന്ത്യയുടെ പ്രതിഭാധനനായ യുവതാരത്തെക്കുറിച്ചുമെല്ലാം രോഹിത് മനസു തുറന്നത്.

മുംബൈ: തന്‍റെ കരിയറില്‍ ഏറ്റവുമധികം വെല്ലുവിളിയായ ബൗളറെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ വെല്ലുവിളിയായ ബൗളറെക്കുറിച്ചും ഏറ്റവും മികച്ച കവര്‍ ഡ്രൈവ് കളിക്കുന്ന താരത്തെക്കുറിച്ചും ഇന്ത്യയുടെ പ്രതിഭാധനനായ യുവതാരത്തെക്കുറിച്ചുമെല്ലാം രോഹിത് മനസു തുറന്നത്.
തന്നെ കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയന്‍ ആണെന്ന് രോഹിത് പറഞ്ഞു. അതിനുള്ള കാരം ചോദിച്ചപ്പോള്‍ ക്ലാസ് ആണ് സ്റ്റെയിന്‍, വേഗതയും ഒപ്പം സ്വിഗും കൂടിച്ചേര്‍ന്ന സ്റ്റെയിനിന്‍റെ പന്തുകള്‍ ശരിക്കും വെല്ലുവിളിയാണ്.140 കിലോ മീറ്ററിലേറെ വേഗത്തിലെറിയുകയും ഒപ്പം സ്വിംഗ് ചെയ്യുകയും ചെയ്യുന്ന ബൗളര്‍മാര്‍ കുറവാണ്.അതും സ്ഥിരതയോടെ ചെയ്തിരുന്നുവെന്നതാണ് സ്റ്റെയിനിനെ നേരിടുക വെല്ലുവിളിയാക്കുന്നതെന്ന് രോഹിത് പറഞ്ഞു.
കരിയറില്‍ നേരിടാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ താരം ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്താണെന്നും രോഹിത് പറഞ്ഞു. തന്‍റെ കരിയറിലും ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലും കളിച്ച ഏറ്റവും മികച്ച ടെസ്റ്റ് മത്സരമായി താന്‍ കണക്കാക്കുന്നത് ഗാബയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ടെസ്റ്റ് ജയമാണെന്നും രോഹിത് പറഞ്ഞു. ഏറ്റവും മികച്ച കവര്‍ ഡ്രൈവ് കളിക്കുന്ന കളിക്കാരായി ബാബര്‍ അസം, ജോ റൂട്ട്, എന്നിവരെല്ലാം ഉണ്ടെങ്കിലും വിരാട് കോലിയുടേതാണ് ഏറ്റവും മികച്ച കവര്‍ ഡ്രൈവ് എന്ന് രോഹിത് പറഞ്ഞു.
പുള്‍ ഷോട്ട് കളിക്കുന്നതില്‍ ഏറ്റവും മികച്ച ബാറ്റര്‍ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണെന്നും ഏറ്റവും മികച്ച സ്ട്രൈറ്റ് ഡ്രൈവ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേതാണെന്നും മികച്ച സ്കൂപ്പ് ഷോട്ട് കളിക്കുന്ന കളിക്കാരന്‍ സൂര്യകുമാര്‍ യാദവാണെന്നും രോഹിത് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭാധനനായ കളിക്കാരന്‍റെ പേര് ചോദിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ എന്നാണ് രോഹിത് പറഞ്ഞത്. ഏറ്റവും ശാന്തനായ താരം ശിഖര്‍ ധവാനാണെന്നും താന്‍ ധവാന്‍റെ ആരാധകനാണെന്നും രോഹിത് പറഞ്ഞു.
ക്രിക്കറ്റില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു നിയമം ഏതാണെന്ന് ചോദിച്ചപ്പോള്‍ 80 മീറ്റര്‍ സിക്സ് അടിച്ചാലും 100 മീറ്റര്‍ സിക്സ് അടിച്ചാലും ആറ് റണ്‍സാണ് കിട്ടുന്നത്. 90 മീറ്റര്‍ അടിച്ചാല്‍ എട്ട് റണ്‍ർസും 100 മീറ്ററടിച്ചാല്‍ 10 റണ്‍സുമൊക്കെ കൊടുക്കണമെന്നും രോഹിത് തമാശയായി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക