ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ബെസ്റ്റ് ഓഫ് ത്രീ ഫൈനൽ വേണമെന്ന് കോലി; ഐപിഎൽ വെട്ടിക്കുറക്കുമോ എന്ന് മൈക്കൽ വോൺ

By Web TeamFirst Published Jun 24, 2021, 5:33 PM IST
Highlights

ഫൈനലുകൾ എല്ലായ്പ്പോഴും ഒരു മത്സരമാണ് വേണ്ടത്. അവിടെ ടീമുകളും വ്യക്തികളും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. അതുകൊണ്ടാണല്ലോ ഫൈനലുകൾ അത്രമേൽ മഹത്തരമാകുന്നതെന്നും വോൺ

സതാംപ്ടൺ: രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടന്ന ലോ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴടക്കി ന്യൂസിലൻഡ് ചാമ്പ്യൻമാരായിരിക്കുന്നു. മഴയും വെളിച്ചക്കുറവും മൂലം രണ്ട് ദിവസം പൂർണമായും നഷ്ടമായിട്ടും കിവീസിന് ആധികാരിക ജയം നേടാനായി. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻമാരെ ഒറ്റ മത്സരം കൊണ്ട് കണ്ടെത്താനാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോലിയുടെ പ്രതികരണം.

ഒറ്റ ഫൈനൽ കൊണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻമാരെ നിശ്ചയിക്കാമെന്ന് കരാറൊന്നുമില്ല, കുറഞ്ഞത് മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ പരമ്പര കളിച്ചാകണം ലോക ടെസ്റ്റ് ചാമ്പ്യൻമാരെ കണ്ടത്തേണ്ടതെന്നും കോലി പറഞ്ഞിരുന്നു. കോലിയുടെ സമാനമായ അഭിപ്രായം ഫൈനലിനായി ഇന്ത്യയിൽ നിന്ന് പോകും മുമ്പ് പരിശീലകൻ രവി ശാസ്ത്രിയും പങ്കിട്ടിരുന്നു.

സമീപകാലത്ത് നടന്ന ഓസ്ട്രേലിയക്കും ഇം​ഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ആദ്യ ടെസ്റ്റിൽ തോറ്റശേഷമാണ് ഇന്ത്യ പരമ്പര നേടിയത് എന്നതും കോലിയുടെ അഭിപ്രായത്തിന് കാരണമായിരുന്നു. വിദേശ പരമ്പരകളിൽ ആദ്യ ടെസ്റ്റിൽ തോറ്റശേഷം പരമ്പരയിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നതാണ് അടുത്തകാലത്തായി കാണാറുള്ളത്. ഈ സാഹചര്യത്തിൽ കോലിയുടെ അഭിപ്രായത്തിന് പ്രസക്തിയേറിയിരുന്നു.

എന്നാൽ ലോക ടെസ്റ്റ്കോ ചാമ്പ്യൻഷിപ്പിന് ബെസ്റ്റ് ഓഫ് ത്രീ ഫൈനൽ വേണമെന്ന കോലിയുടെ നിർദേശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് നായകനായ മൈക്കൽ വോൺ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ബെസ്റ്റ് ഓഫ് ത്രീ ഫൈനൽ കളിക്കാൻ എവിടെയാണ് സമയമെന്നായിരുന്നു വോണിന്റെ ചോദ്യം. ഇനി രണ്ട് വർഷം കൂടുമ്പോൾ ഐപിഎൽ രണ്ടാഴ്ച വെട്ടിച്ചുരുക്കി ഫൈനൽ നടത്താനാണെങ്കിൽ പറ്റും. പക്ഷെ അത് ചെയ്യുമോ എന്ന് സംശയമാണ്.

Where in the schedule would it fit in ?? Are the IPL going to reduce the year of the final tournament by 2 weeks so it could fit in ? Doubt it ..: Finals are one off games where teams/individuals know they have to deliver … that’s what makes them so great 👍 https://t.co/MhqHkp5lvH

— Michael Vaughan (@MichaelVaughan)

ഫൈനലുകൾ എല്ലായ്പ്പോഴും ഒരു മത്സരമാണ് വേണ്ടത്. അവിടെ ടീമുകളും വ്യക്തികളും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്. അതുകൊണ്ടാണല്ലോ ഫൈനലുകൾ അത്രമേൽ മഹത്തരമാകുന്നതെന്നും വോൺ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനായി എത്തിയപ്പോൾ മത്സരം മഴയില്ലാത്ത ഇം​ഗ്ലണ്ടിന്റെ വടക്കൻ പ്രദേശങ്ങളിലായിരുന്നെങ്കിൽ ന്യൂസിലൻഡ് എപ്പോഴെ ജയിച്ചു കയറുമായിരുന്നുവെന്ന് വോൺ ട്വീറ്റ് ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!