ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത് രണ്ട് താരങ്ങളുടെ വിക്കറ്റെന്ന് സച്ചിന്‍

By Web TeamFirst Published Jun 24, 2021, 2:28 PM IST
Highlights

കലാശപ്പോരിന്‍റെ അവസാന ദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യ സമ്മര്‍ദത്തിലായതിന് പിന്നിലെ കാരണം വ്യക്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 

സതാംപ്‌ടണ്‍: സമനിലയിലേക്ക് എന്ന് പലരും വിലയിരുത്തിയ മത്സരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കോലിപ്പട ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു. കിരീടം നേടിയ ന്യൂസിലന്‍ഡിനെ പ്രശംസിച്ചുള്ള ട്വീറ്റില്‍ കലാശപ്പോരിന്‍റെ അവസാന ദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യ സമ്മര്‍ദത്തിലായതിന്‍റെ കാരണം വ്യക്തമാക്കി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ന്യൂസിലന്‍ഡ് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളായിരുന്നു മികച്ചുനിന്നത്. പ്രകടനത്തില്‍ ടീം ഇന്ത്യ നിരാശരാകും. ഞാന്‍ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റ് 10 പന്തിനിടെ നഷ്‌ടമായി. അത് ഇന്ത്യന്‍ ടീമിനെ വലിയ സമ്മര്‍ദത്തിലാക്കി'- സച്ചിന്‍ ട്വിറ്റില്‍ കുറിച്ചു.  

Congrats on winning the . You were the superior team. will be disappointed with their performance.

As I had mentioned the first 10 overs will be crucial & 🇮🇳 lost both Kohli & Pujara in the space of 10 balls & that put a lot of pressure on the team. pic.twitter.com/YVwnRGJXXr

— Sachin Tendulkar (@sachin_rt)

റിസര്‍വ് ദിനത്തില്‍ ആദ്യ സെഷനിലെ ആറാം ഓവറില്‍ കെയ്‌ല്‍ ജാമീസണിന്‍റെ പന്തില്‍ കോലി വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗ് പിടിച്ച് പുറത്താവുകയായിരുന്നു. ജാമീസണ്‍ വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ പൂജാര ഫസ്റ്റ് സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ പിടിച്ചും മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടീം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 170 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 139 റണ്‍സ് ടാര്‍ഗറ്റിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് അനായാസ ജയം സ്വന്തമാക്കുകയും ചെയ്‌തു. 

'ഇംഗ്ലണ്ടിനെതിരായ പരമ്പര കിവികള്‍ക്ക് ഗുണം ചെയ്‌തു'

'ഇംഗ്ലണ്ടിലുണ്ടായിരുന്നതും അവര്‍ക്കെതിരെ രണ്ട് ടെസ്റ്റ് കളിച്ചതും ന്യൂസിലന്‍ഡിന് ഗുണം ചെയ്‌തു. ഇന്ത്യക്കാരെക്കാള്‍ നന്നായി കിവികള്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കി. അവര്‍ കിരീടത്തിന് അവകാശികളാണ്' എന്ന് ഹര്‍ഭജന്‍ സിംഗും പറഞ്ഞു. സതാംപ്‌ടണിലെ കലാശപ്പോരിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ച് ന്യൂസിലന്‍ഡ് തയ്യാറെടുപ്പ് നടത്തിയപ്പോള്‍ സ്‌ക്വാഡിലെ താരങ്ങള്‍ തമ്മില്‍ സന്നാഹ മത്സരം മാത്രം കളിച്ചാണ് ടീം ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. 

സതാംപ്‌ടണിലെ കലാശപ്പോരില്‍ കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. രണ്ടിന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരം. 

'ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ടീം'; ചാമ്പ്യന്‍മാരെ പ്രശംസിച്ച് റിച്ചാര്‍ഡ് ഹാഡ്‌ലി

കിരീടവാഴ്‌ചയില്ല, കിരീടവരള്‍ച്ച മാത്രം! ഐസിസി ടൂർണമെന്‍റുകളില്‍ 2013ന് ശേഷം നിരാശരായി ടീം ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: കലാശപ്പോരില്‍ ടീം ഇന്ത്യ കളി കൈവിട്ടതിന് ഉത്തരവാദികള്‍ ആര്

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസിലന്‍ഡിന്; ഇന്ത്യയെ തകര്‍ത്തത് എട്ട് വിക്കറ്റിന്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!