പൂജാരക്ക് ബാക്ക് ഫൂട്ടിൽ കളിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് ഡെയ്ൽ സ്റ്റെയ്ൻ

By Web TeamFirst Published Jun 24, 2021, 4:44 PM IST
Highlights

ഏതാനും വർഷം മുമ്പ് അദ്ദേഹം കളിച്ചിരുന്നതുപോലെയായിരുന്നെങ്കിൽ ജയ്മിസന്റെ പന്തിൽ പുറത്തായപോലെ പുറത്താവില്ലായിരുന്നു. കാരണം അക്കാലത്ത് ഇത്തരം പന്തുകളെ അദ്ദേഹം ബാക്ക് ഫൂട്ടിൽ നിന്ന് കവറിലേക്ക് ഡിഫൻസീവ് ഷോട്ട് കളിക്കുമായിരുന്നു.

ജൊഹാനസ്ബർ​ഗ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടെ ബാറ്റിം​ഗിനെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. പൂജാരക്ക് ബാക്ക് ഫൂട്ടിൽ കളിക്കാനുള്ള കഴിവ് നഷ്ടമായെന്നും സ്റ്റെയ്ൻ പറഞ്ഞു.

എന്റെ ഓർമയിൽ കാലുകൾക്ക് നേരെ വരുന്ന പന്തുകളെ പൂജാര മനോഹരമായി കളിക്കുമായിരുന്നു. അതുപോലെ ചില അസാമാന്യ കട്ട് ഷോട്ടുകളും ബാക്ക് ഫൂട്ട് ഡ്രൈവുകളും പൂജാരക്ക് കളിക്കാനറിയാമായിരുന്നു. അതുപോലെ അത്രവേ​ഗമില്ലാത്ത ഇന്ത്യൻ പിച്ചുകളിൽ പൂജാര മനോഹരമായ കവർ ഡ്രൈവുകളും കളിച്ചിരുന്നു. അതെല്ലാം പൂജാരയുടെ ബാറ്റിം​ഗിന്റെ സവിശേഷതകളായിരുന്നു. എന്നാൽ അതൊക്കെ പൂജാരക്ക് ഇപ്പോൾ നഷ്ടമായെന്നാണ് തോന്നുന്നതെന്ന് സ്റ്റെയ്ൻ ക്രിക്ക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏതാനും വർഷം മുമ്പ് അദ്ദേഹം കളിച്ചിരുന്നതുപോലെയായിരുന്നെങ്കിൽ ജയ്മിസന്റെ പന്തിൽ പുറത്തായപോലെ പുറത്താവില്ലായിരുന്നു. കാരണം അക്കാലത്ത് ഇത്തരം പന്തുകളെ അദ്ദേഹം ബാക്ക് ഫൂട്ടിൽ നിന്ന് കവറിലേക്ക് ഡിഫൻസീവ് ഷോട്ട് കളിക്കുമായിരുന്നു. എന്നാൽ ഇന്നലെ നിന്നിടത്തു നിന്ന് പകുതി ഫ്രണ്ട് ഫൂട്ടിലും പകുതി ബാക്ക് ഫൂട്ടിലുമായി അർധമനസോടെയാണ് ജയ്മിസന്റെ പന്ത് അദ്ദേഹം കളിച്ചത്.

അങ്ങനെ കളിച്ചതുകൊണ്ടുതന്നെ സ്ലിപ്പിൽ അനായാസ ക്യാച്ച് നൽകി അദ്ദേഹം പുറത്താവുകയും ചെയ്തു. ബാക്ക് ഫൂട്ടിൽ പാറ പോലെ ഉറച്ച പ്രതിരോധവുമായി മികച്ച ഡിഫൻസീവ് ഷോട്ട് കളിക്കുന്ന പൂജാരയെ ഇപ്പോൾ കാണാനില്ല. ആ കഴിവ് അദ്ദേഹത്തിന് നഷ്ടമായെന്നാണ് തനിക്ക് തോന്നുന്നതെന്നും ഫ്രണ്ട് ഫൂട്ടിൽ മാത്രം കളിക്കുന്നതുകൊണ്ട് ബാക്ക് ഫൂട്ടിൽ റൺസ് നേടാനുള്ള ഒട്ടേറെ അവസരങ്ങളാണ് പൂജാര നഷ്ടമാക്കുന്നതെന്നും സ്റ്റെയ്ൻ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഓഫ് സ്റ്റംപിലേക്ക് വന്ന ജയ്മിസന്റെ പന്തിൽ ഡിഫൻസീവ് ഷോട്ട് കളിച്ച പൂജാരയെ സ്ലിപ്പിൽ റോസ് ടെയ്ലർ കൈയിലൊതുക്കി. 15 റൺസായിരുന്നു പൂജാര നേടിയത്. പൂജാരയുടെ വിക്കറ്റ് കളിയിൽ നിർണായകമാകുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!