അടിയുടെ പൊടിപൂരം, ആദ്യം ബട്‌ലര്‍ പിന്നെ ഗെയില്‍; ഒടുവില്‍ വിന്‍ഡീസ് തോറ്റു

By Web TeamFirst Published Feb 28, 2019, 11:22 AM IST
Highlights

97 പന്തില്‍ 14 സിക്സറും 11 ബൗണ്ടറിയും പറത്തി 162 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് വിന്‍ഡീസ് തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്.

സെന്‍റ് ജോര്‍ജ്: അടിയുടെ പൊടിപൂരമായിരുന്നു ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് നാലാം ഏകദിനം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെയും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ അടിച്ചെടുത്തത് 50 ഓവറില്‍ 418 റണ്‍സ്. എന്നാല്‍ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ പതറാതെ ബാറ്റ് വീശിയ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് വിന്‍ഡീസിന് അവിശ്വസനീയ വിജയം സമ്മാനിക്കുമെന്ന് തോന്നിയെങ്കിലും രണ്ടോവര്‍ ബാക്കി നില്‍ക്കെ 29 റണ്‍സിന് വിന്‍ഡീസ് തോറ്റു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

97 പന്തില്‍ 14 സിക്സറും 11 ബൗണ്ടറിയും പറത്തി 162 റണ്‍സെടുത്ത ക്രിസ് ഗെയിലാണ് വിന്‍ഡീസ് തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. 59 പന്തില്‍ 61 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 36 പന്തില്‍ 50 റണ്‍സടിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും 43 റണ്‍സടിച്ച ആഷ്‌ലി നേഴ്സും ചേര്‍ന്ന് വിന്‍ഡീസ് സ്കോര്‍ ഇംഗ്ലണ്ട് സ്കോറിന് അടുത്തെത്തിച്ചെങ്കിലും രണ്ടോവര്‍ ബാക്കി നില്‍ക്കെ 48 ഓവറില്‍ 389 റണ്‍സിന് വിന്‍ഡീസ് ഓള്‍ ഔട്ടായി.  ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലും ആദില്‍ റഷീദ് അഞ്ചും വിക്കറ്റെടുത്തു. 23 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ് അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും 295ല്‍ നില്‍ക്കെ ഗെയിലിനെ മടക്കി സ്റ്റോക്സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.

A six brings up 10000 runs and 500 sixes for incoming at pic.twitter.com/p1wuMnKIS1

— Prashant Bhalla (@bhalla_0303)

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓയിന്‍ മോര്‍ഗന്‍ (103), ജോസ് ബട്‌ലര്‍ (78 പന്തില്‍ 150) എന്നിവരാണ് തകര്‍ത്തടിച്ചത്. ജോണി ബെയര്‍സ്‌റ്റോ (56), അലക്‌സ് ഹെയ്ല്‍സ് (82) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ട്വന്റി20 ശൈലിയിലാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. 12 സിക്‌സും 13 ഫോറും അടങ്ങുന്നതായുരുന്നു ബട്‌ലറുടെ ഇന്നിംഗ്സ്. മോര്‍ഗന്‍ 88 പന്തില്‍ നിന്നാണ് 103 റണ്‍സടിച്ചത്. വിന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് രണ്ട് വിക്കറ്റെടുത്തു. ഏഴ് ഓവര്‍ മാത്രമെറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ 88 റണ്‍സ് വിട്ടുനല്‍കി.

click me!