
ലണ്ടൻ: കളിക്കളത്തിലെ ഊര്‍ജ്ജപ്രവാഹമായ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ് കിരണൊപ്പം കോലി നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. താടിയും മീശയുമെല്ലാം നരച്ച് കണ്ടാല്‍ പ്രായമായ വിരാട് കോലിയെ ആണ് ചിത്രത്തില്‍ കാണുന്നത്.
കഴിഞ്ഞ മാസം യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷനായ യുവികാനിന്‍റെ പരിപാടിക്കായി എത്തിയപ്പോഴാണ് കോലിയെ ആരാധകര്‍ പൊതുവേദിയില്‍ കണ്ടത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ ലണ്ടനിലുണ്ടായിരുന്നെങ്കിലും വിരാട് കോലി മത്സരങ്ങളൊന്നും കാണാന്‍ എത്തിയിരുന്നില്ല. അതേസമയം, ഇന്ത്യൻ ഏകദിന ടീം നായകന്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അവസാന ടെസ്റ്റ് കാണാന്‍ ഓവലില്‍ എത്തിയിരുന്നു.
യുവിക്യാനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള കാരണം കോലി വ്യക്തമാക്കിയിരുന്നു. നാലു ദിവസം കൂടുമ്പോള്‍ താടി കറുപ്പിക്കേണ്ടിവന്നാല്‍ മനസിലാക്കാം പടിയിറങ്ങാന്‍ സമയമായെന്ന് എന്നായിരുന്നു തമാശയോടെ കോലി മറുപടി നല്‍കിയത്. വിരാട് കോലിയുടെ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.
ഇതാണ് അവസ്ഥയെങ്കില്‍ വിരാട് കോലി ഏകദിനങ്ങളില്‍ നിന്നും വൈകാതെ വിരമിക്കുമെന്നുവരെ ആരാധകര്‍ കുറിച്ചു. ഭാര്യ അനുഷ്ക ശര്‍മക്കും കുടുംബത്തിനുമൊപ്പം ലണ്ടനില്‍ താമസിക്കുന്ന കോലി ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാവും ഇനി കളിക്കുക. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന കോലിയും രോഹിത് ശര്‍മയും ഇതുവരെ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക