വനിതാ ടി20 ലോകകപ്പ് കഴിഞ്ഞാലുടന്‍ വീണ്ടും ക്രിക്കറ്റ് പൂരം! വനിതാ ഐപിഎല്‍ തിയ്യതി പുറത്തുവിട്ട് ബിസിസിഐ

By Web TeamFirst Published Feb 6, 2023, 10:42 PM IST
Highlights

വനിതാ ടി20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ അടുത്തമാസം നാലിന് ആരംഭിക്കും. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുക. അഞ്ച് ടീമുകള്‍ ഐപിഎല്ലിന്റെ ഭാഗമാവും. താരലേലം ഈമാസം 13ന് മുംബൈയില്‍ നടക്കും. 1500 താരങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ആഴ്ച്ചയ്‌ക്കൊടുവില്‍ ചുരുക്കപട്ടിക പുറത്തുവിടും. ഒരു ടീമിന് 15 മുതല്‍ 18 താരങ്ങളെ വരെ സ്വന്തമാക്കാനാവും.

വനിതാ ടി20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ഫ്രാഞ്ചൈസി ലേലം നേരത്തെ നടന്നിരുന്നു. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്പോര്‍ട്സ്ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്‌പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്സ് സ്‌പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ദില്ലി ടീമിനെ ജെഎസ്ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും കൈക്കലാക്കി. 

ക്യാപ്ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും സൗകര്യപ്രദമായ ഇടം എന്ന നിലയ്ക്കാണ് മുംബൈയെ ലേലവേദിയായി തെരഞ്ഞെടുത്തത്. ബിസിസിഐക്കും മുംബൈയാണ് സൗകര്യം.

നാല് മത്സരങ്ങളും ഫൈനലിന് തുല്യം! കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ച് വുകോമാനോവിച്ച്

tags
click me!