
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് മുംബൈയില്‍ തുടക്കമായി. ടൂര്‍ണമെന്റ് നടക്കുന്ന ഗുവാഹത്തി, വിശാഖപട്ടണം, ഇന്‍ഡോര്‍, ദില്ലി എന്നിവിടങ്ങളിലാണ് പര്യടനം. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റിയ സാഹചര്യത്തില്‍ നഗരത്തില്‍ ട്രോഫി ടൂര്‍ ഉണ്ടാവില്ല. പകരം വേദി പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയം പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ നഗരത്തിലും ട്രോഫി ടൂര്‍ ഉണ്ടായേക്കും.
ട്രോഫി ടൂറിന്റെ ഉദ്ഘാടനം ഐസിസി ചെയര്‍മാന്‍ ജയ് ഷാ നിര്‍വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ യുവരാജ് സിംഗ്, മിതാലി രാജ്, ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കിരീടവുമായി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. വനിതാ ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്ന് ജയ് ഷാ മുംബൈയില്‍ പറഞ്ഞു.
വനിത ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ഉറച്ചാണ് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായുള്ള താരങ്ങളുടെ മികച്ച ഫോമും ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതും ടീമിന് കരുത്താകുമെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും യുവരാജ് സിംഗും പറഞ്ഞു. ''കഴിഞ്ഞവര്‍ഷങ്ങളിലെ പ്രകടനം ആത്മവിശ്വാസം നല്കിയിട്ടുണ്ട്. അത് തുടരണമെന്നാണ് ഞങ്ങന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നതിന്റെ പ്രത്യേകത കൂടിയുണ്ട്. ഇന്ത്യന്‍ ആരാധകരെല്ലാം പ്രതീക്ഷിക്കുന്നത് ഇത്തവണ എത്തിക്കാനാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.'' ഹര്‍മന്‍പ്രീത് പറഞ്ഞു.
''സ്വന്തം നാട്ടില്‍ കളിക്കൂമ്പോള്‍ പ്രതീക്ഷകള് ഒരുപാടാണ്. സമ്മര്‍ദ്ദം മനസില്കാക്കി നിരവധി തവണ ഇന്ത്യന്‍ വനിതകള്‍ നേരത്തെയും കളിച്ചിട്ടുള്ളതാണ്. മികച്ച വിജയവുമായി ടീം തിരിച്ചെത്തുമെന്നാണ് കരുതുന്നത്.'' യുവരാജ് വ്യക്തമാക്കി. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍. 2016 ല്‍ വനിതാ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യത്തെ സീനിയര്‍ വനിതാ ടൂര്‍ണമെന്റാണിത്.
2005ലും 2017ലുമാണ് ഇതിന് മുമ്പ് ഇന്ത്യ സെമിയിലെത്തിയത്. 2022ല്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപെട്ടുവെങ്കിലും ഇത്തവണ പ്രതീക്ഷകളേറെ. 2017ല്‍ ഫൈനലിലെത്താന്‍ കാരണമായ 171 റണ്‍സിന്റെ വെടികെട്ട് ബാറ്റിംഗ് നടത്തിയ ഹര്‍മ്മന്‍ പ്രീത് കൗറാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!